New Delhi: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ED ഓഫീസില്‍ ഹാജരായി.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. പ്രിയങ്കയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധമാണ് നടന്നത്. കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും ഇഡി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം അരങ്ങേറുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടി അറിയിച്ചിരുന്നു. അതനുസരിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് നടത്തിയിരുന്നത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
ഇഡി ഓഫീസിന് ഒരു കിലോമീറ്റർ മുന്‍പായി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തങ്ങളുടെ നേതാവിന് അനുകൂലമായും കേന്ദ്രത്തിലെ ഇപ്പോഴത്തെ സർക്കാരിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ, നിരോധനാജ്ഞ ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ,, കെ സി വേണുഗോപാല്‍ അടക്കമുള്ള നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ് ഈ നേതാക്കള്‍.
അതേസമയം, പോലീസ് കസ്റ്റഡിയിലിരിയ്ക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് സുഖപ്പെട്ടതിന് ശേഷം അടുത്തിടെയാണ് അദ്ദേഹം പൊതു പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയത്.
"ഗോഡ്‌സെയുടെ പിൻഗാമികൾ വീണ്ടും ഗാന്ധിയെ ഭയപ്പെടുത്താൻ എത്തിയിരിയ്ക്കുന്നു, മഹാത്മാഗാന്ധി ആരേയും ഭയപ്പെട്ടില്ല, അദ്ദേഹത്തിന്‍റെ പിന്‍ഗാമികളും... ഈ നാട്ടിൽ പത്ര ലേഖകർക്ക് ശമ്പളം കൊടുക്കുന്നതും വീട്ടുനികുതി അടക്കുന്നതും വൈദ്യുതി ബില്ലടക്കുന്നതും കുറ്റമാണെങ്കിൽ നമ്മൾ ഈ കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ചെയ്യും", കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു
കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് BJP നേതാവ് സ്മൃതി ഇറാനി രംഗത്തെത്തി. അഴിമതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയവർ ഒരു അന്വേഷണ ഏജൻസിയ്ക്ക് മേല്‍ സമ്മർദ്ദം ചെലുത്താൻ ഡൽഹിയില്‍ എത്തിയിരിയ്ക്കുകയാണ്. ഈ നടപടിയ്ക്ക് എന്ത് പേരിടും, അവര്‍ ചോദിച്ചു.
അതേസമയം, ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങൾ നല്‍കുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...