ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ട്വിറ്റർ അക്കൗണ്ട് (Twitter) താൽക്കാലികമായി മരവിപ്പിച്ചതായി കോൺഗ്രസ് (Congress) നേതൃത്വം. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടകൾ സ്വീകരിച്ചുവരികയാണെന്നും ട്വീറ്റിലൂടെ (Tweet) കോൺഗ്രസ് വ്യക്തമാക്കി. അണികളുമായും ജനങ്ങളുമായും സംവദിക്കുന്നതിന് ഇതൊരു തടസമാവില്ലെന്നും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ (Social Media) അദ്ദേഹം എല്ലാവരോടും സംവദിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
The account has been temporarily locked. https://t.co/MYqpC8OeIb
— Congress (@INCIndia) August 7, 2021
എന്നാൽ കോൺഗ്രസിന്റെ ഈ ആരോപണം നിഷേധിച്ച് Twitter രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ട്വിറ്റർ പ്രതികരിച്ചു. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ട്വിറ്ററുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഒരു വ്യക്തിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ അല്ലെങ്കിൽ നീക്കം ചെയ്താൽ ആ അക്കൗണ്ട് ആഗോള തലത്തിൽ തന്നെ ആർക്കും കാണാൻ സാധിക്കില്ലെന്ന് ട്വിറ്റർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം Tweet ചെയ്യുകയും ചെയ്തു. എന്നാൽ ട്വിറ്റർ നിയമങ്ങൾക്കെതിരാണെന്ന് കാണിച്ച് ആ ട്വീറ്റ് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച രാത്രിയോടെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ് എന്ന് നിരവധി പേർ വിമർശനങ്ങളുമായി എത്തിയതോടെയാണ് ട്വീറ്റ് നീക്കം ചെയ്തത്. ട്വീറ്റ് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം കാറിൽ ഇരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് രാഹുൽ ഗാന്ധി തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ബുധനാഴ്ച രാഹുൽ ഗാന്ധി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ പകർത്തിയത്. പോക്‌സോ നിയമപ്രകാരം (POCSO) ഇരയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. സംഭവത്തിൽ രാഹുലിനെതിരെ പോലീസ് FIR രജിസ്റ്റർ ചെയ്തിരുന്നു.
ഡല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെതന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. നങ്കലിലെ ശ്മശാനത്തിന് സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. സംഭവവുമായി 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...