ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളും ജയിൽ മോചിതരായി. 31 വർഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷമാണ് ആറ് പേരും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ആറ് പേരും മോചിതരാകുന്നത്.
മുരുകൻ, ശാന്തൻ, നളിനി എന്നീ പ്രതികൾ വെല്ലൂർ സെന്‍ട്രൽ ജയിലിൽ നിന്നാണ് മോചിതരായത്. നളിനിയും മുരുകനും ലണ്ടനിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇവരുടെ മകൾ ലണ്ടനിൽ ഡോക്ടറാണ്. റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ നിന്നാണ് പുറത്തേക്ക് വന്നത്. ഇവരെ തിരുച്ചിറപ്പള്ളിയിലുള്ള അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് പോലീസ് പറഞ്ഞു.
മറ്റൊരു പ്രതിയായ രവിചന്ദ്രൻ തൂത്തുക്കുടിയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇയാൾ ഇവിടെ നിന്നും മോചിതനായി. നളിനിയും മുരുകനും വിദേശത്തേക്കാണ് പോകുന്നത്. എന്നാൽ ബാക്കിയുള്ളവർ ഇന്ത്യയിൽ തുടരുന്നതില്‍ അനിശ്ചിതത്വമുണ്ട്. കാരണം ഇവർ ശ്രീലങ്കൻ സ്വദേശികളാണ്. ഇവരെ തിരികെ ശ്രീലങ്കയിലേക്ക് അയക്കുമോ ഇന്ത്യയിൽ തുടരാനാകുമോ എന്നിങ്ങനെയുള്ള നിയമപ്രശ്നങ്ങളും പരിശോധിക്കുന്നുണ്ട്.
വിവിധ തമിഴ് സംഘടനകൾ ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ ജയിൽ കവാടത്തിന് പുറത്ത് കാത്തുനിന്നു. വൈകിട്ട് നാല് മണിയോടെയാണ് കോടതിയിൽ നിന്നുള്ള പ്രതികളുടെ മോചന ഉത്തരവ് ജയിലുകളിൽ എത്തിച്ചത്. കേസിൽ മറ്റൊരു പ്രതിയായ പേരറിവാളനെ മെയ് പതിനെട്ടിന് മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളനെ മോചിപ്പിച്ചത്.
Read Also: രാജീവ്ഗാന്ധി വധക്കേസ്: നളിനിയുടെ മോചനം 32 വർഷത്തിന് ശേഷം; കേസിന്റെ നാൾവഴികൾ
1991 മെയ് ഇരുപത്തിയൊന്നിനാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്ന രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് 1998-ൽ കേസിലെ പ്രതികൾക്ക് സ്‌പെഷ്യൽ ടാഡ കോടതി വധശിക്ഷ വിധിച്ചു. 1999 മെയ് പതിനൊന്നിന് മേൽക്കോടതി വധശിക്ഷ ശരിവെക്കുകയൂം ചെയ്തിരുന്നു. പിന്നീട് 2014-ൽ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...