ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും സത്യമാണ്. ഇതുവരെ കാമുകന്മാര്‍ കാമുകിമാരെ ആസിഡ് ഒഴിച്ചു, പെട്രോള്‍ ഒഴിച്ച് കത്തിച്ചു എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് വ്യത്യസ്തമായ വാര്‍ത്തയാണ്.
ഡല്‍ഹിയിലെ വികാസ്പുരി മേഖലയിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കാമുകനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി സൗകര്യപൂര്‍വ്വം തൊട്ടുരുമ്മി ഇരിക്കാന്‍ കഴിയുന്നില്ല എന്ന കാരണം പറഞ്ഞ് ഹെല്‍മറ്റ് ഊരാന്‍ കാമുകനോട് ആവശ്യപ്പെടുകയും അതിനുശേഷം യുവതി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
യുവതിക്കും യുവാവിനും നേര്‍ക്ക് ആസിഡ് ആക്രമണം ഉണ്ടായെന്ന വാര്‍ത്ത അറിഞ്ഞ് ജൂണ്‍ 11 ന് ആശുപത്രിയില്‍ എത്തിയ പോലീസ് കണ്ടത് പെണ്‍കുട്ടിയുടെ കൈയില്‍ ചെറിയ പൊള്ളലും യുവാവിന്‍റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലുകളുമാണ്.
എന്നാല്‍ ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് മനസ്സിലായില്ല. മാത്രമല്ല തങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ ആരോ ആഡിസ് ആക്രമണം നടത്തിയെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ഒടുവില്‍ യാത്രക്കിടെ യുവതി ഹെല്‍മറ്റ് ഊരാന്‍ ആവശ്യപ്പെട്ടെന്ന യുവാവിന്‍റെ മൊഴിയില്‍ നിന്നാണ് സത്യം പുറത്തുവന്നത്.
സംശയം തോന്നിയ പൊലീസ് യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് സത്യത്തിന്‍റെ കെട്ടുകള്‍ അഴിഞ്ഞത്. ഒടുവില്‍ യുവതി കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെയായി ഈ ബന്ധം നീട്ടികൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും ബന്ധം അവസാനിപ്പിക്കാമെന്നും യുവാവ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി വിവാഹം കഴിക്കണം എന്ന ആവശ്യത്തില്‍തന്നെ ഉറച്ചുനിന്നു.
ഒടുവില്‍ യുവാവിന്‍റെ മുഖം വികൃതമാക്കാന്‍ തീരുമാനിച്ച യുവതി വീട്ടില്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ലായനി പേഴ്സിനുള്ളില്‍ ഒളിപ്പിച്ചുവെക്കുകയും കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തപ്പോള്‍ തക്കം നോക്കി പാത്തിരുന്ന്‍ മുഖത്ത് ഒഴിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണറായ മോണിക ഭരത്വാജ് പറഞ്ഞു.