ന്യൂഡല്‍ഹി: ആഭ്യന്തര ഉത്‌പാദനത്തെ (ജിഡിപി) അടിസ്ഥാനപ്പെടുത്തി അടുത്തിടെ പ്രസിദ്ധപ്പെടുത്തിയ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
1991ലെ സാമ്പത്തിക ഉദാരീകരണ നയത്തിനു ശേഷം രാജ്യം കൈവരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് 2006-2007 കാലത്തേതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കുതിപ്പ് നടത്തിയിരുന്നു. ആ കാലയളവില്‍ 10.08% സാമ്പത്തിക വളര്‍ച്ച കൈവരിച്ചു എന്നത് എല്ലാ സാമ്പത്തിക വിദഗ്ദ്ധരും അംഗീകരിക്കുന്ന വസ്തുതയാണ്.
സ്റ്റാറ്റിസ്റ്റിക്‌സ്പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ ജൂലായ് 25ന് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീടാണ് തിരിച്ചടി മനസ്സിലാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുന്നത്. ഔദ്യോഗികമായ കണക്കുകളല്ല റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചത്. കൂടാതെ, റിപ്പോര്‍ട്ട് കൃത്യമാക്കി പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
രാജ്യം നേടിയ സാമ്പത്തിക വളര്‍ച്ചനിരക്ക് അടിസ്ഥാനമാക്കിയാണ് ഒരു പ്രധാനമന്ത്രിയുടെ ഭരണകാലയളവ് മികച്ചതാണോ അല്ലയോ എന്ന് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷത്തേയും വളര്‍ച്ചാ നിരക്കിന് വളരെയേറെ പ്രാധാന്യ൦ ഉണ്ട്.
മോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്ന കാര്യമായിരുന്നു മന്‍മോഹന്‍ സിംഗിന്‍റെ കാലത്തെ വളര്‍ച്ചാ നിരക്ക്. കാരണം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2006-2007 കാലത്തായിരുന്നു.
റിപ്പോര്‍ട്ട് പിന്‍വലിച്ചതിനെതുടര്‍ന്ന്, ചരിത്രത്തെ ഇല്ലാതാക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ ഇവിടെ തുടരുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വസ്തുതയെ എങ്ങിനെ മാറ്റി മറിക്കാന്‍ ഭരണകക്ഷിക്ക് കഴിയുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.