മുംബൈ: ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷിലൂടെ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്.
മഹാദേവ് ജാങ്കര്‍ തന്‍റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണെന്നും അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുകയാണെന്നും വാര്‍ത്തകള്‍ നിഷേധിച്ച് സഞ്ജയ് ദത്ത് പറഞ്ഞു.
സെപ്റ്റംബര്‍ 25ന് സഞ്ജയ് ദത്ത് ആര്എസ്പിയില് ചേരുമെന്ന് പാര്‍ട്ടി സ്ഥാപകനും കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരോത്പാദന വികസന വകുപ്പ് മന്ത്രിയുമായ മഹാദേവ് ജങ്കറാണ് പ്രഖ്യാപിച്ചത്.
ആര്‍എസ്പിയെ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് സിനിമ മേഖലയിലെ പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതെന്നും എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ആര്എസ്പിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2009ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ലഖ്‌നൗ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സഞ്ജയ് ദത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
എന്നാല്‍, ആയുധങ്ങള്‍ കൈവശം വെച്ചെന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കാത്തതിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു. പിന്നീട് എസ്പി ജനറല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും ദത്ത് പദവി രാജിവെച്ച് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിന്നു.
അതേസമയം, മഹാരാഷ്ട്രയിലെ ദന്‍ഗല്‍ (ഇടയ) സമുദായത്തെ പ്രതിനിധീകരിക്കുന്ന ആര്‍എസ്പി 2014 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് എന്‍ഡിഎ സഖ്യകക്ഷിയായത്.
സഞ്ജയ് ദത്തിന്‍റെ പിതാവ് സുനില്‍ ദത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായി.