ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി
പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. കൂടാതെ, സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ മാസം 20 ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
അതേസമയം, കോടതി വിധി ധാര്‍മിക വിജയമെന്ന് മമത പറഞ്ഞു. രാജീവ് കുമാറിന്‍റെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞത് ഇതാണ് തെളിയിക്കുന്നത് എന്നവര്‍ പറഞ്ഞു.
ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ഉയര്‍ത്തുന്ന ആരോപണം. രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും കാണാനില്ല എന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്.