എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു.

Updated: Jun 12, 2019, 12:16 PM IST
എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

ന്യൂഡല്‍ഹി: കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു.

ഇന്ത്യൻ വ്യോമസേനയും, കരസേനയും, ഒപ്പം അരുണാചലിലെ സിവിൽ അഡ്മിനിസ്ട്രേറ്റും ബുധനാഴ്ച രാവിലെ മുതല്‍ എഎന്‍ 32  വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രത്തിലാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ ത്നാകര്‍ സിംഗ് വെളിപ്പെടുത്തി. തിരച്ചിലിനായി സേനയുടെ എംഐ 17, എ എല്‍ എച്ച് വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു.  

വിമാനത്തിലെ യാത്രക്കാര്‍ക്കായി നടത്തുന്ന തിരച്ചിലിനായി പര്‍വ്വതാരോഹകരുടെ സഹായവും സേന തേടിയിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ജൂണ്‍ 3നാണ് വിമാനം കാണാതായത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. 

അസമിലെ ജോര്‍ഹട്ടില്‍നിന്ന് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡി൦ഗ് ഗ്രൗണ്ടിലേക്ക് തിരിച്ച എഎന്‍- 32 എന്ന വിമാനവുമായുള്ള സമ്പര്‍ക്കം 1 മണിയോടെ നഷ്ടമായിരുന്നു. 

കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. വനപ്രദേശവുമായതിനാലും ഒപ്പം പ്രതികൂല കാലാവസ്ഥയും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉളവാക്കിയിരുന്നു.

മിഗ് 17, സി 130, സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.