Kolkata: തൃണമൂല്‍ വിട്ട് BJPയിലേയ്ക്ക് ചേക്കേറിയ സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമില്‍ താന്‍ മത്സരിക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് അതെ നാണയത്തില്‍ മറുപടി നല്‍കിയിരിയ്ക്കുകയാണ് സുവേന്ദു അധികാരി
നന്ദിഗ്രാം (Nandigram) മണ്ഡലത്തില്‍ താന്‍ മമതയെ (Mamata Banerjee) നേരിടുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഒപ്പം ഒരു പ്രഖ്യാപനം കൂടി അദ്ദേഹം നടത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അര ലക്ഷം വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്താനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്നാണ് സുവേന്ദു അധികാരിയുടെ (Suvendu Adhikari) പ്രഖ്യാപനം. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയ്ക്ക് മറുപടിയായി അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. തൃണമൂല്‍ (Trinamool) കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു പരിഹസിച്ചു.
തൃണമൂലിന് ബീഹാറില്‍നിന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍റെ സഹായം തേടേണ്ടിവന്നത് പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മേല്‍ക്കെ ഉണ്ടെന്നതാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതി നായി മമത ബാനര്‍ജി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ സഹായം തേടിയിരിയ്ക്കുകയാണ്. ഇതാണ് സുവേന്ദുവിന്‍റെ പരാമര്‍ശത്തിന് അടിസ്ഥാനം.
അതേസമയം, കാലുമാറിയ മുന്‍ വിശ്വസ്തന്‍ സുവേന്ദുവിനെ നന്ദിഗ്രാമില്‍ താന്‍ തന്നെ നേരിടുമെന്ന മമതയുടെ പ്രഖ്യാപനം വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. നന്ദിഗ്രാമില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയത്. "ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്ഥലമാണ്' നഗരത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂലില്‍നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം എന്നതിലേറെ മമത ബാനര്‍ജിയെ ബംഗാളില്‍ അധികാരത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സ്ഥലമാണ് നന്ദിഗ്രാം.
നന്ദിഗ്രാം കര്‍ഷക പ്രക്ഷോഭത്തിന്‍റെ മുന്‍നിര നായകനായിരുന്നു സുവേന്ദു അധികാരി. ഡിസംബറിലാണ് ഇദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. മമതയുമുള്ള ആലോസരമായിരുന്നു പാര്‍ട്ടി വിടാന്‍ കാരണം.
Also read: BJP Vs TMC: മുട്ടുമടക്കില്ല, സുവേന്ദു അധികാരിയുടെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി
അതേസമയം, പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ BJP തൃണമൂല്‍ (Trinamool) പോരാട്ടം ശക്തമാവുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. മെയ് മാസത്തില്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തകര്‍പ്പന്‍ തയ്യാറെടുപ്പാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്.
ഇതുവരെ അധികാരം നേടാത്ത പശ്ചിമ ബംഗാളില്‍ അധികാരം നേടാന്‍ BJP ശ്രമിക്കുമ്പോള്‍ വിട്ടുകൊടുക്കാതെ ശക്തമായ പോരാട്ടമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ നടത്തുന്നത്.