മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം 50:50?

സഖ്യം ചേര്‍ന്ന് മഹാരാഷ്ട്ര പിടിച്ചടക്കിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ശിവസേന...

Last Updated : Oct 26, 2019, 05:03 PM IST
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം 50:50?

മുംബൈ: സഖ്യം ചേര്‍ന്ന് മഹാരാഷ്ട്ര പിടിച്ചടക്കിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ശിവസേന...

തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ശിവസേന ഇപ്പോള്‍ 2.5 വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് ബിജെപി നേതൃത്വത്തില്‍നിന്നും ഉറപ്പ് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍ ‍(രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എഴുതി നല്‍കണമെന്നാണ് ഇപ്പോള്‍ ശിവസേന അവകാശപ്പെടുന്നത്.

പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ വസതിയില്‍ ശിവസേനയുടെ 56 എംഎല്‍എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗ൦ ഇന്ന്‍ നടന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരഭിപ്രായം ഉരുത്തിരിഞ്ഞത്.

ബിജെപി.യുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മുതിര്‍ന്ന നേതാക്കള്‍ ധാരണ അംഗീകരിച്ച് ഒപ്പിട്ട്‌ നല്‍കണമെന്നാണ് ശിവസേന എംഎല്‍എമാരുടെ ആവശ്യം. ഉദ്ധവ് താക്കറേ ഈ കത്ത് എഴുതി വാങ്ങുന്നത് ഉറപ്പു വരുത്തണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്നത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ച് ബിജെപിയ്ക്കും ശിവസേനയ്ക്കും 2.5 വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കിടാം. ദീര്‍ഘകാലമായി ശിവസേനയുടെ അഭിലാഷമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവി പാര്‍ട്ടിയ്ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ വെറും വാക്കിലല്ല, എഴുതി നല്‍കണമെന്നാണ് ശിവസേന അവകാശപ്പെടുന്നത്. 

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുന്‍പ് തീരുമാനിച്ച 50:50 ഫോര്‍മുല ബിജെപിയെ ഓര്‍മ്മിപ്പിച്ചിരുന്നു.

താക്കറേ കുടുംബത്തില്‍ നിന്നുള്ള ആദ്യ നിയമസഭാംഗവും ഉദ്ധവ് താക്കറേയുടെ മകനും കന്നിയങ്കത്തില്‍തന്നെ എംഎല്‍എയുമായ ആദിത്യ താക്കറേയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഭാവി മുഖ്യമന്ത്രി ആദിത്യ താക്കറേയാണെന്നുള്ള പോസ്റ്ററുകളും ഇതിനോടകം സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

അതേസമയം, ആദ്യ മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫട്നവിസ് തന്നെയാവണം എന്നാണ് ബിജെപിയുടെ ആഗ്രഹം.

ശിവസേനയുമായി ചേര്‍ന്ന് സഖ്യമായാണ് മത്സരിച്ചതെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഒറ്റയ്ക്ക് നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ല. അതിനാല്‍ ശിവസേനയെ പിണക്കാന്‍ ബിജെപിയ്ക്ക് കഴിയില്ല. അതേസമയം, 15 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും ദേവേന്ദ്ര ഫട്നവിസ് അഭിപ്രായപ്പെട്ടു.

 

Trending News