ലഖ്നൗ: ലോക്സഭയില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതിന് അസം ഖാന്‍ പാര്‍ലമെന്‍റില്‍ മാത്രമല്ല, മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.
സഭ നിയന്ത്രിച്ചിരുന്ന ബിജെപി എം.പി രമാ ദേവിക്കെതിരായി മോശം ഭാഷയില്‍ സംസാരിച്ച സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്‍ മുഴുവന്‍ സ്ത്രീകളുടേയും അന്തസിനെയാണ് മുറിപ്പെടുത്തിയത്. ഇത് അപലപനീയമാണ്. അദ്ദേഹം പാര്‍ലമെന്‍റില്‍ മാത്രമല്ല എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കണമെന്നും മായാവതി പറഞ്ഞു.
വ്യാഴാഴ്ച മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോഴാണ് സംഭവം. ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് ലോക്സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിക്കെതിരെ അസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്.
സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസം ഖാന്‍ പറഞ്ഞത്. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസം ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.