ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ 5 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ഇന്ന് നിര്‍ണ്ണായക ദിവസം!!

Last Updated : Aug 26, 2019, 11:02 AM IST
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 5 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ഇന്ന് നിര്‍ണ്ണായക ദിവസം!!

ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി ഇന്നവസാനിക്കുകയാണ്. സിബിഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും. 

അതേസമയം, ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇ.ഡിയുടെയും സിബിഐടെയും കേസുകളിൽ ജാമ്യവും സിബിഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ഇ.ഡിയുടെ കേസിൽ അറസ്റ്റിൽ നിന്നുള്ള ഇടക്കാല ജാമ്യ കാലാവധി ഇന്ന് തീരുകയാണ്. അതിനാൽ ജാമ്യം നീട്ടണമെന്ന് ചിദംബരത്തിന്‍റെ അഭിഭാഷകർ ആവശ്യപ്പെടും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സിബിഐ കേസിലും സമാന ആവശ്യമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ റിമാൻഡിന്‍റെ ആവശ്യമില്ലെന്ന വാദം ചിദംബരത്തിന്‍റെ അഭിഭാഷകർ ഉയർത്തും. 

വിഷയത്തില്‍ സിബിഐ സ്വീകരിക്കുന്ന നിലപാട് ഇന്ന് നിര്‍ണ്ണായകമാണ്. കൂടുതൽ ദിവസം കസ്റ്റഡി ആവശ്യമുണ്ടെന്ന് സിബിഐ അറിയിച്ചാൽ സുപ്രീംകോടതി നിലപാട് നിര്‍ണ്ണായകമാവും.

അതേസമയം, അഴിമതിയില്‍ ചിദംബരത്തിന്‍റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ചിദംബരത്തിന്‍റെയും പങ്കാളികളുടെയും പേരില്‍ അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രിട്ടീഷ്, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, മൊണാകോ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും വിലപ്പെട്ട സ്വത്തുകളുമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റ് നല്‍കിയ പ്രത്യേക വിവരം. പന്ത്രണ്ടോളം രാജ്യങ്ങളില്‍ വിദേശനിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നെന്ന ആരോപണവും ഇ.ഡി ഉയര്‍ത്തുന്നുണ്ട്. അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ ഷെല്‍ കമ്പനി ഡയറക്ടര്‍മാരെയും ഓഹരി ഘടനയും മാറ്റി. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ അനുമതിക്കായി ഇടപെട്ട രണ്ടുപേരെയും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചിദംബരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന.

 

 

Trending News