മു​ത്ത​ലാ​ഖ് നീചവും വധശിക്ഷയ്ക്ക് തുല്യവുമായ വിവാഹ മോചന സമ്പ്രദായമാണെന്ന് സുപ്രീംകോടതി

മു​ത്ത​ലാ​ഖ് നീചവും വധശിക്ഷയ്ക്ക് തുല്യവുമായ വിവാഹ മോചന സമ്പ്രദായമാണെന്ന് സുപ്രീംകോടതി.

Last Updated : May 12, 2017, 07:02 PM IST
മു​ത്ത​ലാ​ഖ് നീചവും വധശിക്ഷയ്ക്ക് തുല്യവുമായ വിവാഹ മോചന സമ്പ്രദായമാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മു​ത്ത​ലാ​ഖ് നീചവും വധശിക്ഷയ്ക്ക് തുല്യവുമായ വിവാഹ മോചന സമ്പ്രദായമാണെന്ന് സുപ്രീംകോടതി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ രണ്ടാം ദിവസവും വാദം തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 

മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തിയ അഞ്ചു സ്ത്രീകൾ വെവ്വേറെ നൽകിയ ഹർജികളിൻമേൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

അതേസമയം, മുത്തലാഖ് പാപമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അമിക്കസ് ക്യൂറിയായ സൽമാൻ ഖുർഷിദ് വ്യക്തമാക്കി. മുത്തലാഖ് ഇന്ത്യന്‍ മുസ്‍ലീം സമുദായത്തില്‍ മാത്രമേയുള്ളൂവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. പാപമായ ഒരു സമ്പ്രദായത്തെ ശരീഅത്ത് നിയമമായി കണക്കാക്കാൻ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ജെ.​എ​സ്. ഖെ​ഹാ​ർ ചോദിച്ചു. ദൈവത്തിന്‍റെ കണ്ണിൽ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാൻ കഴിയില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. 

മറ്റു രാജ്യങ്ങൾ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയിൽ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു. മുസ് ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തിൽ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് സമാനമായ കാര്യങ്ങൾ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതെന്നും സൽമാൻ ഖുർഷിദ് കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിലാണ് വാദം. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുള്ളത്. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് നിശ്ചയിച്ചിട്ടുള്ളത്.

Trending News