സർക്കാർ ജോലികളിൽ വനിതാ സംവരണം പ്രഖ്യാപിച്ച് ത്രിപുര സർക്കാർ

  

Last Updated : May 20, 2018, 11:13 AM IST
 സർക്കാർ ജോലികളിൽ വനിതാ സംവരണം പ്രഖ്യാപിച്ച് ത്രിപുര സർക്കാർ

അഗർത്തല: സർക്കാർ ജോലികളിൽ വനിതാ സംവരണം പ്രഖ്യാപിച്ച് ത്രിപുര സർക്കാർ. ത്രിപുരയിലെ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരാണ് വനിതകൾക്ക് സംവരണം നൽകി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ചത്.

 

 

നിലവിലുള്ള നിയമന നയം റദ്ദാക്കിയും സർക്കാർ നിയമനങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തിയുമാണ് ത്രിപുര സർക്കാർ പുതിയ തൊഴിൽ നയം പ്രഖ്യാപിച്ചത്. നിയമനങ്ങളിൽ മെച്ചപ്പെട്ട സുതാര്യതയും ന്യായവും ഉറപ്പുവരുത്തിയാണ് തൊഴിൽ നയം പുറത്തിറക്കിയിരിക്കുന്നത്. നിയമനങ്ങളിൽ വിവേചനം ഉണ്ടാകില്ല, അർഹതപ്പെട്ടവർക്ക് ജോലി നൽകും. എന്നാൽ പാർട്ടി അനുഭാവികൾക്കോ സ്വാധിനത്തിന്‍റെ പേരിലോ നിയമനം ഉണ്ടാകില്ലെന്നും മന്ത്രി സഭായോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് നയത്തിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി രത്തൻ ലാൽ നാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ത്രിപുരയിലെ മുൻകാല സർക്കാരിന്‍റെ തൊഴിൽ നിയമങ്ങൾ സർക്കാർ റദ്ദാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

മുൻ സർക്കാർ തൊഴിൽ ദായകരോട് വിവേചനം കാണിക്കുകയും യോഗ്യത ഉള്ളവരെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനിമുതൽ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിൽ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനംനടത്തുകയെന്നും നാഥ് പറഞ്ഞു. 

മന്ത്രിസഭയെടുത്ത മറ്റൊരു പ്രധാനപ്പെട്ട തീരുമാനം പൊലീസിൽ പത്ത് ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നു എന്നതായിരുന്നു.

സംസ്ഥാനത്ത് വനിതകൾക്ക് ഇതുവരെ യാതൊരു സംവരണവും നടന്നിട്ടില്ലെന്നും പോലീസ് വകുപ്പിലെ എല്ലാ തലങ്ങളിലും വനിതകൾക്ക് പത്തുശതമാനം സംവരണം ഉണ്ടായിരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.

മികച്ച ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് നിലവിലുള്ള ത്രിപുര പബ്ലിക് സർവീസ് കമ്മീഷൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. 2016 ജനുവരി മുതലുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.

Trending News