ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയും ബിഹാറും എൻ.ഡി.എ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാർട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാൻ. മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം നൽകാനുള്ള നീക്കം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഗുണകരമാകുമെന്ന് രാം വിലാസ് പസ്വാൻ അഭിപ്രായപ്പെട്ടു.
മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഉത്തർപ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എൻ.ഡി.എയെ സഹായിക്കും. സാമ്പത്തിക സംവരണത്തെ എതിർത്ത ആർ.ജെ.ഡിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
രഘുവംശ് പ്രസാദ് സിംഗ്, ജഗ്ദാനന്ദ് സിംഗ് തുടങ്ങിയ ആർ.ജെ.ഡി നേതാക്കൾ മുന്നാക്ക വിഭാഗത്തിൽപ്പെടുന്നവരാണ്. സംവരണത്തെ എതിർത്ത ഇവർ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങൾക്കു മുന്നിൽ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാൻ ചോദിച്ചു.
മൻമോഹൻ സിംഗിന്‍റെ ജാതി തനിക്കറിയില്ല. മൻമോഹൻ സിംഗ് ഒഴികെ കോൺഗ്രസ് പ്രധാനമന്ത്രിമാർ സവർണ സമുദായത്തിൽ നിന്നുള്ളവരാണെന്ന് കരുതുന്നു. അവർ എന്തുകൊണ്ട് സവർണരിലെ പാവങ്ങൾക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പസ്വാൻ മാധ്യമങ്ങൾ നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
മുന്നോക്ക വിഭാഗത്തിൽ സാമ്പത്തിക സംവരണമെന്ന നിയമഭേദഗതി നിലവിൽ വന്നിരിക്കുകയാണ്. അതിനെ
സുപ്രീംകോടതിയും എതിർക്കുമെന്ന് കരുതുന്നില്ല. എൻ.ഡി.എ വീണ്ടും ഭരണത്തിലെത്തിയാൽ സാമ്പത്തിക സംവരണം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നും രാം വിലാസ് പസ്വാൻ കൂട്ടിച്ചേർത്തു.