New Delhi: രാജ്യം ഉറ്റുനോക്കുന്ന "തിരഞ്ഞെടുപ്പ് യുദ്ധ"മാണ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കാന്‍ പോകുന്നത്. ഇതില്‍ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുക ഉത്തര്‍ പ്രദേശിലാണ്.
പല കാരണങ്ങള്‍ക്കൊണ്ടും ഉത്തര്‍ പ്രദേശ് നിര്‍ണ്ണായകമാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം, ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങള്‍, ഏറ്റവും കൂടുതല്‍ രാജ്യ സഭ ലോകസഭ അംഗങ്ങള്‍ ഈ സംസ്ഥാനത്താണ്. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വസ്തുത, ഈ സംസ്ഥാനത്ത് ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം എല്ലാം ഇവിടെ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും എന്നതാണ്.
സംസ്ഥാനത്ത് ഇക്കുറി തിരഞ്ഞെടുപ്പ് യുദ്ധം തന്നെ പ്രതീക്ഷിക്കാം. പ്രധാന പോരാട്ടം ഭരണകക്ഷിയായ BJP യും മുന്‍ ഭരണകക്ഷിയായ SP യും തമ്മിലാണ് എന്നാണ് Zee News നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തര്‍ പ്രദേശില്‍ നടക്കുക.
സംസ്ഥാനം ആവേശകരമായ തിരഞ്ഞെടുപ്പ് പോരട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. തങ്ങളുടെ വോട്ട് ബാങ്ക് ശക്തമാക്കാനുള്ള ശ്രമത്തിലാണ് പ്രധാന പാര്‍ട്ടികള്‍. ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയും ജനപ്രിയ നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചും പിഴവില്ലാത്ത നീക്കങ്ങള്‍ നടത്തുകയാണ് പ്രധാന പാര്‍ട്ടികള്‍.
ഇതിനിടെ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന BJP യുടെ നിര്‍ണ്ണായക യോഗത്തില്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് സ്റ്റാര്‍ പ്രചാരകരെ തിരഞ്ഞെടുത്തു.
സ്റ്റാര്‍ പ്രചാരകരുടെ പട്ടികയിലെ ആദ്യ പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമാണ്
ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, മുക്താർ അബ്ബാസ് നഖ്‌വി, ദിനേശ് ശർമ, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് പട്ടികയിലെ പ്രധാന മുഖങ്ങള്‍.
എന്നാല്‍, ഈ പട്ടികയില്‍നിന്നും ഗാന്ധി കുടുംബത്തില്‍നിന്നുള്ള BJP നേതാക്കളായ അമ്മയേയും മകനേയും ഒഴിവാക്കിയിരിയ്ക്കുകയാണ്. അതായത് മേനക ഗാന്ധിയും മകന്‍ വരുൺ ഗാന്ധിയും ഇക്കുറി പ്രചാരക പട്ടികയില്‍ ഇല്ല. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നും പിലിഭിത്തിൽ നിന്നും നിരവധി തവണ വിജയിച്ചവരും ഇപ്പോഴും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവരുമാണ് മേനകയും വരുൺ ഗാന്ധിയും.
ലഖിംപൂർ ഖേരി കൊലപാതകത്തെക്കുറിച്ചും കര്‍ഷക സമരത്തെക്കുറിച്ചും വരുണ്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് ഈ ഒഴിവാക്കലിന് പിന്നിലെന്നാണ് സൂചന.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും . വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...