വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
മുഖ്യ സ്ഥാനാര്‍ഥികളായ എഡിഎംകെയുടെ എ. സി. ഷണ്മുഖവും ഡിഎംകെ സ്ഥാനാര്‍ഥി കതിര് ആനന്ദും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡിഎംകെ സ്ഥാനാര്‍ഥി കതിര് ആനന്ദ് 14,214 വോട്ടുകള്‍ക്ക് മുന്നിലാണ്. 11 റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ഈ ലീഡ് അദ്ദേഹം നേടിയിരിക്കുന്നത്.
കഴിഞ്ഞ 5നാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരിക്കുന്നത്. ജാതിയും മതവുമെല്ലാം വന്‍ സ്വാധീനമാവുന്ന മണ്ഡലത്തില്‍ എഡിഎംകെയുടെ എ. സി. ഷണ്മുഖവും ഡിഎംകെ സ്ഥാനാര്‍ഥി കതിര് ആനന്ദും തമ്മിലാണു പ്രധാന മത്സരം.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സഹായിയുടെ പക്കല്‍നിന്ന് വന്‍ തുക പിടിച്ചതിനെ തുടര്‍ന്നാണ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ് റദ്ദാക്കി ഓഗസ്റ്റിലേക്ക് മാറ്റിയത്.