ബിജെപി.യുമായി സഖ്യത്തിനില്ലെന്ന് കുമാരസ്വാമി

  

Last Updated : May 16, 2018, 01:37 PM IST
ബിജെപി.യുമായി സഖ്യത്തിനില്ലെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ ജനതാദൾ സെക്കുലർ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഞങ്ങള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.  മാത്രമല്ല ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു. 

 

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമെന്നും എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ അതിലൊന്നും വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയ്ക്ക്അധികാരത്തോട് ആര്‍ത്തിയാണെന്നും. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 

ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ ഇപ്പോള്‍ എവിടെപ്പോയിയെന്നും കുമാരസ്വാമി ചോദിച്ചു.

ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ആഡംബര ഹോട്ടലില്‍ ചേര്‍ന്ന ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍.

അതേ സമയം എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്ന്  ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

 

 

Trending News