ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ യുവതിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Karnataka: Amulya (who raised 'Pakistan zindabad' slogan at an anti-CAA rally in Bengaluru, yesterday) & was charged with sedition, sent to 14-day judicial custody pic.twitter.com/vWS55tDZEQ
— ANI (@ANI) February 21, 2020
പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ബംഗളൂരുവില്‍ എഐഎംഐഎം (AIMIM) നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്കെടുത്ത് മൂന്നു തവണ പാക് അനുകൂല മുദ്രാവാക്യമായ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് വിളിക്കുകയും മറ്റുള്ളവരോട് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അപ്രതീക്ഷിതമായി സദസിലേയ്ക്ക് കയറിവന്ന യുവതിയുടെ ഈ നടപടിയില്‍ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.
പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. മാത്രമല്ല ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ നില്‍ക്കുകയായിരുന്നു.
ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ റാലിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരിപാടിയിലെ തന്‍റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോള്‍ ആയിരുന്നു അമൂല്യ ലിയോണയുടെ (Amulya Leona) വേദിയിലേക്കുള്ള അപ്രതീക്ഷിത കടന്നുകയറ്റം.
Also read: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതി അറസ്റ്റില്‍
അമൂല്യക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ, ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന്‍ ബെംഗളൂരു ഡി.സി.പി ബി രമേശ് പറഞ്ഞു. പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ തന്‍റെ മകള്‍ ചെയ്ത കാര്യത്തെ ന്യായീകരിക്കുന്നില്ലെന്നും തെറ്റായ നടപടിയാണ് അവളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അമൂല്യയുടെ പിതാവ് എഎന്‍ഐയോട് പ്രതികരിച്ചു.