പാകിസ്ഥാന് തിരിച്ചടി; കിഷൻഗംഗ ജലവൈദ്യുതി പദ്ധതിക്ക് ലോകബാങ്കിന്‍റെ അനുമതി

പാകിസ്താന്‍റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഝലം, ചെനാബ് നദികളില്‍ ജലവൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക്  ലോകബാങ്കിന്‍റെ അനുമതി. 1960 ലെ സിന്ധു നദീജല കരാര്‍ പ്രകാരം സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക്  മുന്നോട്ടുപോകാം.

Last Updated : Aug 2, 2017, 05:09 PM IST
പാകിസ്ഥാന് തിരിച്ചടി; കിഷൻഗംഗ ജലവൈദ്യുതി പദ്ധതിക്ക് ലോകബാങ്കിന്‍റെ അനുമതി

വാഷിങ്ടണ്‍: പാകിസ്താന്‍റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഝലം, ചെനാബ് നദികളില്‍ ജലവൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക്  ലോകബാങ്കിന്‍റെ അനുമതി. 1960 ലെ സിന്ധു നദീജല കരാര്‍ പ്രകാരം സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക്  മുന്നോട്ടുപോകാം.

56 വര്‍ഷം പഴക്കമുള്ള സിന്ധു നദീജല വിനിയോഗ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു ലോകബാങ്കിന്‍റെ തീരുമാനം. സിന്ധുനദീജല കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വേണം ഇന്ത്യ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായി അടുത്തയാഴ്ച സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബറില്‍ വാഷിംഗ്ടണില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ തുടരും.

ഝലം നദിയുടെ കൈവഴിയായ കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടിന്‍റെയും ചെനാബിന്റെ കൈവഴിയായ റാറ്റ്‌ലെയില്‍ 850 മെഗാവാട്ടിന്‍റെയും ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനെതിരെയാണ് പാകിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചത്. 

എന്നാല്‍ ലോകബാങ്കിന്‍റെ തീരുമാനം പാക്കിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്‍റ് ആയിരുന്ന അയൂബ് ഖാനും 1960ലാണ് ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കരാറൊപ്പിട്ടത്.

ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായാല്‍ അത് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയുടെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ – 9 പ്രകാരം ആണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്ന് പാകിസ്ഥാന്‍ ലോകബാങ്കിനെ അറിയിച്ചിരുന്നു. 

പാകിസ്ഥാന്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ സാങ്കേതികം മാത്രമാണെന്നും പ്രശ്‌നത്തെ കുറിച്ച് പഠിക്കുന്നതിന് നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

Trending News