Mumbai: വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് ബാബാ രാംദേവ്. എന്നാല്‍, കഴിഞ്ഞ ദിവസം സ്ത്രീകളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രഭാഷണത്തിനിടെ സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത് എന്നായിരുന്നു രാംദേവിന്‍റെ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പ് ചോദിച്ച് തടിതപ്പി.
പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പില്‍ സംസാരിക്കുമ്പോഴായിരുന്നു രാംദേവിന് നാവ് പിഴച്ചത്...!! ഏറെ സ്ത്രീകള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവേ സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. തന്‍റെ കാഴ്ചപ്പാടില്‍ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത് എന്ന് രാംദേവ് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നവിസിന്‍റെ ജീവിത ശൈലിയെ ഏറെ പ്രശംസിച്ച രാംദേവ് ഇനിയൊരു നൂറ് കൊല്ലത്തേക്ക് അമൃത ഇങ്ങനെ ചെറുപ്പമായി തുടരുമെന്നാണ് തന്‍റെ വിശ്വാസമെന്നും പറഞ്ഞിരുന്നു.
Alo Read: BJP MPയുടെ വാഹനമിടിച്ച് 9 വയസുകാരന് ദാരുണാന്ത്യം, പൊലീസ് നടപടി വൈകിക്കുന്നതായി പിതാവ്
അതേസമയം, രാംദേവിന്‍റെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെല്ലാം കേട്ട് ചിരിയ്ക്കുന്ന അമൃതയേയും വീഡിയോയില്‍ കാണാം.
രാംദേവിന്‍റെ പ്രസ്താവന എല്ലാ സ്ത്രീകളേയും അപമാനിക്കുന്നതാണ്, രാംദേവ് രാജ്യത്തോട് മാപ്പ് പറയണമെന്നും ഡല്‍ഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ വീഡിയോ ട്വീറ്റില്‍ പങ്കുവച്ചുകൊണ്ട് ആവശ്യപ്പെട്ടു.
പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീകളുടെ വസ്ത്രം ധരിച്ച് ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലാകുന്നു എന്നാണ് TMC MP മഹുവ മൊയ്‌ത്ര കുറിച്ചത്.
രാംദേവിന്‍റെ വിവാദ പരാമർശത്തിനെതിരെ എന്തുകൊണ്ടാണ് അമൃത ഫഡ്‌നവിസ് പ്രതികരിക്കാത്തത് എന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ചോദിച്ചു.
പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പ് ചോദിക്കുന്ന ഒരു പ്രസ്തവന ബാബാ രാംദേവ് പുറത്തിറക്കി. തന്‍റെ പരാമർശങ്ങൾക്ക് ക്ഷമ ചോദിച്ച അദ്ദേഹം തന്‍റെ ജീവിതത്തി ലുടനീളം സ്ത്രീ ശാക്തീകരണത്തിനായി ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...