കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ പ്രചാരണം ഇന്നുമുതല്‍

 

Last Updated : May 1, 2018, 09:34 AM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ പ്രചാരണം ഇന്നുമുതല്‍

 

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും. മൈസൂരുവില്‍ നിന്നാണ് പ്രധാനമന്ത്രി പ്രചാരണത്തിന് തുടക്കമിടുന്നത്. 5 ദിവസങ്ങളിലായി 15 റാലികളില്‍ അദ്ദേഹം പങ്കെടുക്കും. 

ഇന്ന് മുതല്‍ മെയ് 8 വരെയായിരിക്കും പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനം. ഇന്ന് അദ്ദേഹം 3 റാലികളിലാണ് പങ്കെടുക്കുക. ചാമരാജ്‌നഗര്‍, ഉഡുപ്പി, ബെലഗവി എന്നിവിടങ്ങളിലാണ് ഇവ. 

കര്‍ണാടകയില്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണമാണ് ബിജെപി നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തെരഞ്ഞെടുപ്പ്  പ്രചാരണത്തിന് പ്രധാനമന്ത്രി കൂടി എത്തുന്നതോടെ കൂടുതല്‍ ഊര്‍ജ്ജം വരുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.  സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രികൂടി എത്തിയാല്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റ൦ നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍.  

പ്രധാനമന്ത്രി ഏറ്റവുമൊടുവില്‍ പാര്‍ട്ടി പൊതുയോഗത്തിനെത്തിയത് ഫെബ്രുവരിയില്‍ മൈസൂരുവിലാണ്. ബിജെപിക്ക് അധികം സ്വാധീനമില്ലാത്ത മൈസൂരുവില്‍ ഈ വര്‍ഷം ഇത് പ്രധാനമന്ത്രിയുടെ മൂന്നാം വരവാണ്. രണ്ട് മാസത്തിനിടെ അമിത് ഷാ ഇവിടെ പ്രചാരണം നയിച്ചത് നാല് തവണ. 

കോണ്‍ഗ്രസും ജെഡിഎസും നേരിട്ട് ഏറ്റുമുട്ടുന്ന മൈസൂരുവില്‍ ബിജെപിയുടെ നോട്ടം. 

അതേസമയം, ജെഡിഎസുമായുണ്ടാക്കിയ ധാരണയാണ് മേഖലയില്‍ ബിജെപി നേതാക്കളുടെ സജീവ സാന്നിധ്യത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇവിടെ ആകെയുളള 57 സീറ്റില്‍ നാലില്‍ മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തവണ ജയിക്കാനായത്. 

കര്‍ണാടക ബിജെപിയില്‍ റെഡ്ഡിമാരുടെ തിരിച്ചുവരവുണ്ടാക്കിയ വിവാദ അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി പ്രചാരണം തുടങ്ങുന്നത്. റെഡ്ഡിമാരുടെ തട്ടകമായ ബെളളാരിയില്‍ വ്യാഴാഴ്ചയാണ് മോദിയുടെ റാലി. ലിംഗായത്ത് വിഷയം, ജെഡിഎസ് ബന്ധം എന്നിവയിലെല്ലാം പ്രധാനമന്ത്രി എന്ത് പറയും എന്നത് ശ്രദ്ധേയമാവും.

ദക്ഷിണേന്ത്യയില്‍ വിജയം നേടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ മോദിയോടൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ് എന്നിവരും സംസ്ഥാനത്തെത്തും. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവീസും റാലികളില്‍ പങ്കെടുക്കും. 

 

 

Trending News