Thiruvananthapuram : സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ILGMS സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ (MV Govindan) നിർവഹിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം (ILGMS).
"ഓഫീസുകളിലേക്ക് പോകാതെ തന്നെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നത് ഭരണസംവിധാനത്തിനാകെ കൂടുതൽ വേഗത കൈവരിക്കുവാൻ സഹായകരമാകും" മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിച്ചിട്ടുണ്ടായിരുന്നു. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ILGMS വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ILGMS അപ്ലിക്കേഷൻ വികസിപ്പിച്ചത്.
ALSO READ : Pinarayi Vijayan: നികുതി വെട്ടിപ്പ് കാണുന്ന സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കും- മുഖ്യമന്ത്രി
ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകുമ്പോൾ തന്നെ അത് പരിശോധിച്ച് പൂർണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോ എന്നും ഉറപ്പുവരുത്താനും സ്വീകരിക്കുന്ന അപേക്ഷ ഓൺലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീർപ്പു കല്പിക്കാനും ഐഎൽജിഎംഎസിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളുടെ തൽസ്ഥിതി പൊതുജനങ്ങൾക്ക് ഉൾപ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും.
കെട്ടിടത്തിന്റെ ഓണർഷിപ്പ്, ബിപിഎൽ ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, എന്നിങ്ങനെ ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുന്ന, ലൈസൻസ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ മുതൽ വികസന- പദ്ധതി നിർദേശങ്ങൾ നൽകുന്നതിനു വരെയുള്ള സൗകര്യം ഐഎൽജിഎംഎസിലും അതിന്റെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലും ലഭ്യമാണ്.
ALSO READ : സഹകരണ മേഖലയിലെ ക്രമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ സമഗ്ര നിയമം നടപ്പിലാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍
നിലവിൽ ലഭിക്കുന്നത് 213 സേവനങ്ങളാണ്. അവയുടെ എണ്ണം ഇനിയും വർദ്ധിക്കും. 303 പഞ്ചായത്തുകളിലാണ് നിലവിൽ ILGMS സേവനം ലഭ്യമായിട്ടുള്ളത്. ഈ പഞ്ചായത്തുകളിൽ https://erp.lsgkerala.gov.in/ എന്ന ലിങ്കിലൂടെയും ശേഷിക്കുന്ന 638 പഞ്ചായത്തുകളിൽ മേൽപ്പറഞ്ഞ സേവനങ്ങൾ http://citizen.lsgkerala.gov.in/ എന്ന പോർട്ടലിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...