കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഓട്ടോ സ്റ്റാന്‍റിൽ തീർത്തും വ്യത്യസ്തമായ ഒരു ഓട്ടോറിക്ഷയുണ്ട്, ഓട്ടോ ഡ്രൈവറും. സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും അപൂർവ ശേഖരമുള്ള ഓട്ടോറിക്ഷ സഞ്ചരിക്കുന്ന ഒരു ചെറിയ മ്യൂസിയം തന്നെയാണ്. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി സുമേഷ് ദാമോദരനാണ് ഈ ഓട്ടോ മ്യൂസിയത്തിന്‍റെ ഉടമ.
കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയായ സുമേഷ് ദാമോദരന്‍റെ ഓട്ടോറിക്ഷയ്ക്കു പിന്നിൽ വലിയ വെളുത്ത അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്, ഓട്ടോ മ്യൂസിയം. 30 രാജ്യങ്ങളുടെ മുന്നൂറോളം സ്റ്റാമ്പുകളും 25 രാജ്യങ്ങളുടെ 150 നാണയങ്ങളും സഞ്ചരിക്കുന്ന ഈ മുച്ചക്ര മ്യൂസിയത്തിലുണ്ട്.
Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
150 രാജ്യങ്ങളുടെ 6000 സ്റ്റാമ്പുകൾ കൈവശമുണ്ടെങ്കിലും ഓട്ടോയിൽ ഇത്രയേ വയ്ക്കാറുള്ളൂ. 2017 ൽ ഓട്ടോയിൽ നിന്ന് പതിനായിരം രൂപയോളം വിലവരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ വെള്ളി നാണയങ്ങൾ മോഷണം പോയിരുന്നു. ഇതിനു ശേഷമാണ് ഓട്ടോയിൽ നിന്ന് വലിയൊരു ഭാഗം നാണയങ്ങളും സ്റ്റാമ്പുകളും സുമേഷ് മാറ്റിയത്.
നാൽപത്തിമൂന്നുകാരനായ സുമേഷ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് വിവിധ വസ്തുക്കളുടെ ശേഖരണം ഹോബിയാക്കിയതും അത് തൻ്റെ ജീവിതചര്യയായി മാറ്റിയതും. കേരളത്തിൽ തന്നെ അറിയപ്പെടുന്ന പരിസ്ഥിതി അധ്യാപകനായ ടി പി പത്മനാഭൻ മാഷിൻ്റെ പ്രചോദനത്തിൽ പക്ഷിത്തൂവൽ ശേഖരിച്ചു കൊണ്ടായിരുന്നു തുടക്കം.
Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
പിന്നെ തീപ്പെട്ടി ചിത്രമായി അതു കഴിഞ്ഞ് നാണയത്തിലും സ്റ്റാമ്പിലുമെത്തി. ഇപ്പോൾ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇറക്കിയ ദേശീയപതാക ആലേഖനം ചെയ്ത സ്റ്റാമ്പും ലഭിച്ച സന്തോഷത്തിലാണ് സുമേഷ്. സുരേഷ് ഗോപി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വരെയുള്ളവരിൽ നിന്നും ലഭിച്ച അഭിനന്ദന കത്തുകളും ഓട്ടോഗ്രാഫുകളും നിധി പോലെ ഓട്ടോയ്ക്കകത്ത് ഇദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. കണ്ടംകുളങ്ങരയിലെ വിമുക്ത ഭടനായ കെ വി ദാമോദരൻ്റെയും കെ സുലോചനയുടെയും മകനാണ് സുമേഷ് . സൗമ്യയാണ് ഭാര്യ. സാവന്ത്, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...