തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് നെടുമങ്ങാട്. ദിവസവും നൂറുകണക്കിന് ജനങ്ങൾ വന്ന് പോകുന്ന ഇവിടത്തെ മത്സ്യ വിൽപ്പന കേന്ദ്രത്തിലേക്ക് മൂക്ക് പൊത്താതെയും രോഗ ഭീതി ഇല്ലാതെയും ആർക്കും കയറിക്കൂടാൻ സാധിക്കില്ല. മേൽക്കൂര പോലും ഇല്ലാത്ത മാർക്കറ്റിലെ മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ദുർഗന്ധം സഹിച്ച് പെരു മഴയത്ത് നനഞ്ഞൊലിച്ച് ജീവിതമാർഗ്ഗം തേടുകയാണ് ഒരുകൂട്ടം കച്ചവടക്കാർ.
കാർഷിക ഉത്പന്നങ്ങളും മലഞ്ചരക്കുകളും മത്സ്യവും ഇറച്ചിയും തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വളരെ അകലങ്ങളിൽ നിന്ന് പോലും ജനങ്ങൾ എത്തിയിരുന്ന വ്യാപാര കേന്ദ്രമാണ് നെടുമങ്ങാട് മാർക്കറ്റ്. ടൗണിനുള്ളിലെ അന്താരാഷ്ട്ര മാർക്കറ്റിലെ മത്സ്യ വിൽപ്പന കേന്ദ്രത്തിന്‍റെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങളാണ് നമുക്കിവിടെ കാണാനാവുക.
Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്
വർഷങ്ങളായി നവീകരണമില്ലാതെ കിടക്കുന്ന മാർക്കറ്റ് റോഡിൽ രൂപപ്പെട്ട കുഴികളിൽ മത്സ്യ മാംസാവശിഷ്ടങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. ഈ മാലിന്യ കുഴികളിൽ ചവിട്ടിയാണ് കച്ചവടക്കാരും പൊതു ജനങ്ങളും മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മാർക്കറ്റിന്‍റെ ശോചനീയാവസ്ഥ കാരണം ആരും ഇവിടേക്ക് എത്താതായതോടെ പല കച്ചവടക്കാരും മാർക്കറ്റിന് പുറത്ത് കവലകൾ കേന്ദ്രീകരിച്ച് കച്ചവടം ആരംഭിച്ചു.
പത്തിന് താഴെ കച്ചവടക്കാർ മാത്രമാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. രാവിലെ അഞ്ച് മണി മുതൽ രാത്രി ആകുന്നത് വരെ മാലിന്യക്കൂമ്പാരത്തിനരികെ ഇരുന്ന് ദുരിതമനുഭവിച്ചാലും കച്ചവടക്കാർക്ക് ജീവിത ചെലവിനുള്ള തുക തരപ്പെടില്ല. നെടുമങ്ങാട് നഗരസഭയ്ക്ക് നല്ലൊരു വരുമാനം നേടി കൊടുക്കുന്ന മാർക്കറ്റിന്റെ നവീകരണം കാലതാമസമുണ്ടാകുന്നത് ബോധപൂർവ്വമാണന്നാണ് കച്ചവടവടക്കാരുടെ പരാതി.
Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ
മത്സ്യ മാർക്കറ്റിൽ നിന്ന് മലിന ജലം ഒലിച്ചിറങ്ങുന്നത് നെടുമങ്ങാട് നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കാണ്. മാർക്കറ്റിലെ മാലിന്യം പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വെല്ലുവിളിയുണർത്തുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി പരിണമിച്ചിട്ടും നെടുമങ്ങാട് നഗരസഭ മൗനത്തിലാണ്. മാർക്കറ്റിൽ മത്സ്യ കച്ചവടത്തിന് 35 ലക്ഷം മുടക്കി നിർമ്മിച്ച മോഡേൺ ഫിഷ് മാർക്കറ്റ് അടച്ചു പൂട്ടിയ നിലയിലാണ്. നഗരസഭയുടെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങള്‍ കാരണം ഇവിടെയുള്ള ജനങ്ങളും കച്ചവടക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...