കണ്ണൂർ: നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിൽ അരവിന്ദാക്ഷൻ (60), ചെറുമകൻ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അഭിഷേക് (25), ശിൽപ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാർഥ് (8), സാരംഗ് (8) എന്നിവർക്കാണ് പരിക്കേറ്റത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശിൽപയെയും കൂട്ടി മടങ്ങിയവേയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. അഭിനവ് സുനിൽ (15) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കവേയാണ് അഭിനവിന് എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്.
ഉടൻതന്നെ അഭിനവ് അച്ഛനോട് ഇതേക്കുറിച്ച് പറയുകയും ഉടൻ തന്നെ പിതാവ് സുനിൽ ഓട്ടോറിക്ഷയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എലിയാകാം കടിച്ചത് എന്നാണ് വീട്ടുകാർ ആദ്യം കരുതിയത് പിന്നീടാണ് പാമ്പ് കടിയേറ്റതാകാമെന്ന സംശയം വീട്ടുകാർക്കുണ്ടായത്.
മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് സുനിൽ. നാട്ടുകാർ പോലീസിനേയും വനം വകുപ്പിനെയും വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. വീടിനുള്ളിൽ തടികൾ അടുക്കിവച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലാകാം പാമ്പ് ഇരുന്നതെന്നാണ് സംശയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...