Innocent and Communism: ഇന്നസെന്റ് കമ്യൂണിസ്റ്റായത് വഴിതെറ്റി വന്നിട്ടല്ല, എംപി ആകാന്‍ വേണ്ടിയും അല്ല; ആ അപ്പന്റെ മകന് വേറെ എന്ത് വഴി?

Actor Innocent and Communism: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ തന്നെ ആയിരുന്നു ഇന്നസെന്റ് മസ്തരിച്ചത്. 2014 ൽ ഇടത് സ്വതന്ത്രനായിരുന്നു.

Written by - Binu Phalgunan A | Last Updated : Mar 27, 2023, 01:30 PM IST
  • ആർഎസ്പിക്കാരൻ ആയിട്ടായിരുന്നു ഇന്നസെന്റിന്റെ രാഷ്ട്രീയ പ്രവേശനം
  • പിതാവ് തെക്കേത്തല വറീത് കടുത്ത കമ്യൂണിസ്റ്റുകാരൻ ആയിരുന്നു
  • മരണം വരേയും താൻ കമ്യൂണിസ്റ്റുകാരനായി തുടരും എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഇന്നസെന്റ്
Innocent and Communism: ഇന്നസെന്റ് കമ്യൂണിസ്റ്റായത് വഴിതെറ്റി വന്നിട്ടല്ല, എംപി ആകാന്‍ വേണ്ടിയും അല്ല; ആ അപ്പന്റെ മകന് വേറെ എന്ത് വഴി?

'എന്റെ പിതാവ് അടിയുറച്ച ഒരു കമ്യൂണിസ്റ്റ് ആയിരുന്നു.  ആ രാഷ്ട്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല.' - ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2022 ഫെബ്രുവരി 20 ന് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വരികളാണിത്. ഇന്നസെന്റിന്റെ ഇടത് ആഭിമുഖ്യം പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടതിനെല്ലാം ഉള്ള ഉത്തരമായിരുന്നു ഈ കുറിപ്പ്.

ഇന്നസെന്റിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യം ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ കടന്നുവന്നതല്ല. പിതാവ് തെക്കേത്തല വറീത് കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യ ഒരാള്‍ മാത്രമായിരുന്നില്ല, കമ്യൂണിസ്റ്റുകാരന്‍ കൂടിയായിരുന്നു. 'കമ്യൂണിസം പാര്‍ട്ടിയോ ജാഥയോ തിരഞ്ഞെടുപ്പോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വം മാത്രമാണ്. മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്‌സിസം'- ഇന്നസെന്റിനെ പിതാവ് തെക്കേത്തല വറീത് കമ്യൂണിസവും മാര്‍ക്‌സിസവും പഠിപ്പിച്ചത് ഇങ്ങനെ ആയിരുന്നു. കെവികെ വാര്യര്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ഒളിവുജീവിതത്തിലെ ഒരു അനുഭവം വിവരിച്ചുകൊണ്ടായിരുന്നു ഇക്കാര്യങ്ങള്‍ ഇന്നസെന്റിന്റെ ജീവിതത്തില്‍ വറീത് മാപ്പിള വിളക്കിച്ചേര്‍ത്തത്. 

Read Also: പ്രിയ സുഹൃത്തിനെ യാത്രയാക്കാനെത്തി, അരികിൽ നിന്ന് മാറാതെ മമ്മൂട്ടി- വീഡിയോ

'സിനിമയില്‍ നിന്ന് വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്ന് ഞാന്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നു'- ഇന്നസെന്റിന്റേത് എന്ന പേരില്‍ പ്രചരിച്ച വരികളായിരുന്നു ഇത്. ഇങ്ങനെ ഒരു വ്യാജ വാര്‍ത്ത കണ്ടാല്‍, വറീത് മാപ്പിളയുടെ മകന്‍ ഇന്നസെന്റിന് മിണ്ടാതിരിക്കാന്‍ ആകില്ലല്ലോ. അങ്ങനെയാണ് ആദ്യത്തില്‍ പറഞ്ഞ ആ കുറിപ്പ് ഫേസ്ബുക്കില്‍ എഴുതിയിടുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ തന്നെ പറഞ്ഞോളാം എന്നും മറ്റാരും ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നും കൂടി പറഞ്ഞുകൊണ്ടായിരുന്നു ആ കുറിപ്പ് ഇന്നസെന്റ് അവസാനിപ്പിച്ചത്.

 

ഇന്നസെന്റിന്റെ പേര് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗോദയില്‍ രേഖപ്പെടുത്തപ്പെടുന്നത് 1979 ല്‍ ആണ്. ഇരിഞ്ഞാലക്കുട നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആയിരുന്നു അത്. അന്ന് വിജയം കൊയ്യുകയും ചെയ്തു അദ്ദേഹം. ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിജയം. 1970 കളില്‍ അദ്ദേഹം ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി കൂടി ആയിരുന്നു എന്നോര്‍ക്കണം. 1970 ലെ തിരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കൊപ്പം ആയിരുന്നു ആര്‍എസ്പി. 1979 ലും ആര്‍എസ്പി നിലകൊണ്ടത് സിപിഐ മുന്നണിയ്‌ക്കൊപ്പം ആയിരുന്നു. അന്നെല്ലാം എതിര്‍പക്ഷത്തുണ്ടായിരുന്നത് സിപിഎമ്മും.

Read Also: സുഖത്തിലും ദു:ഖത്തിലും തളാരാതെ കരുത്തായി കൂടെനിന്ന 46 വർഷങ്ങൾ; ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ യാത്രയായി

എന്നാല്‍ കാലക്രമേണ ഇന്നസെന്റ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയും ജീവിതത്തിലേയും സിനിമയിലേയും അതിജീവനത്തിന്റെ പോരാട്ട പാതകളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്നസെന്റ് എന്ന നടനേയും നിര്‍മാതാവിനേയും അടയാളപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു പിന്നീട് മലയാള സിനിമാചരിത്രത്തില്‍ കണ്ടത്. ഹാസ്യതാരമായും സ്വഭാവനടനായും വില്ലനായും എല്ലാം ഇന്നസെന്റ് മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടുന്നതും താരസംഘടനയായ എഎംഎംഎയുടെ ചുക്കാന്‍ പിടിക്കുന്നതും ലോകം കണ്ടു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ ഇന്നസെന്റിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാധ്യമങ്ങളും ഊഹാപോഹക്കാരും ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. അന്നും അത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിക്കാന്‍ ഇന്നസെന്റ് അരയും തലയും മുറുക്കി ഇറങ്ങി. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇന്നസെന്റ് അന്ന് മത്സരിക്കാന്‍ സന്നദ്ധനായത്.

കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഒന്നായ ചാലക്കുടിയില്‍ അന്ന് മത്സരിക്കാന്‍ ഇറങ്ങിയത് ശക്തനായ പാര്‍ലമെന്റേറിയന്‍ പിസി ചാക്കോ ആയിരുന്നു. അവിടെയാണ് സിനിമാതാരത്തിന്റെ പകിട്ടുമായി ഇന്നസെന്റ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയത്. ഇന്നസെന്റിനെ പോലെ ഒരാളെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഇടത് അനുഭാവികള്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ കാലം. എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പിസി ചാക്കോയെ അട്ടിമറിച്ച് ലോക്‌സഭയില്‍ എത്തി. എന്നാല്‍ 2019 ല്‍ രണ്ടാം വട്ടം മത്സരിക്കാനിറങ്ങിയപ്പോള്‍ ബെന്നി ബെഹ്നാന് മുന്നില്‍ അദ്ദേഹത്തിന്റെ കാലിടറി. രാഹുല്‍ ഗാന്ധി തരംഗത്തില്‍ കേരളം മുഴുവന്‍ യുഡിഎഫ് കാറ്റ് ആഞ്ഞടിച്ച തിരഞ്ഞെടുപ്പ് കൂടി ആയിരുന്നു അത് എന്നോര്‍ക്കണം. 2014 ൽ എൽഡിഎഫ് സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചതെങ്കിൽ 2019 ൽ സിപിഎമ്മിന്റെ ചിഹ്നത്തിൽ തന്നെയായിരുന്നു മത്സരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News