എം കെ രാഘവനെതിരായ ആരോപണത്തില്‍ ഫോറന്‍സിക് പരിശോധന വേണം; കളക്ടറുടെ റിപ്പോര്‍ട്ട്

സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും.  

Last Updated : Apr 5, 2019, 11:53 AM IST
 എം കെ രാഘവനെതിരായ ആരോപണത്തില്‍ ഫോറന്‍സിക് പരിശോധന വേണം; കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും.  

അതേസമയം, ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്നാണ്  കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ്‌ ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ പറഞ്ഞിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. 'ടിവി 9' ചാനലാണ‌് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി രാഘവനോട് സംസാരിച്ചത‌്. തിരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനംചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പറഞ്ഞിരുന്നു. 

വാര്‍ത്തയ്ക്ക് അടിസ്ഥാനമായ വീഡിയോ കളക്ടര്‍ പരിശോധിക്കുകയും വീഡിയോയില്‍ എംപി നടത്തിയ സംഭാഷണങ്ങള്‍ അതേ പോലെ പകര്‍ത്തുകയും ചെയ്തെങ്കിലും വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തണം എന്നുണ്ടെങ്കില്‍ ഒറിജിനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചേ മതിയാവൂ എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തന്‍റെ ശബ്ദം ഡബ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എംകെ രാഘവനും ജില്ലാ കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. 

അതേസമയം, തനിക്കെതിരെ നടക്കുന്ന കോഴ വിവാദം സി പി എമ്മുകാരുടെ ഗൂഡാലോചനയാണെന്ന് എംകെ രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്രസമ്മേളനത്തില്‍ കൂടുതല്‍ സംസാരിക്കുംമുന്‍പേ അദ്ദേഹം പൊട്ടിക്കരഞ്ഞു. 

അതേസമയം, എം.​ കെ. രാ​ഘ​വ​നെ​തിരായി ഉണ്ടായ ആ​രോ​പ​ണം സി​പി​എം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെ​ന്നി​ത്ത​ല പറഞ്ഞു. ഇത്തരം കെട്ടു കഥകള്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലാണ് പുറത്ത് വരുന്നത് എന്നും ജനങ്ങള്‍ സി പി എമ്മിന്‍റെ ഇത്തരം ഗൂഢാലോചനകള്‍ തള്ളിക്കളയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

എം.കെ. രാഘവനെതിരെയുള്ള കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് എ.ഐ.സി.സി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കൂടാതെ, സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

Trending News