നവംബർ-ഡിസംബർ മാസത്തിൽ കോടമഞ്ഞ് മൂടിയ മലകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അങ്ങനെ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രകൃതി ഭംഗിയേറിയ ഹിൽസ്റ്റേഷനായ പാഞ്ചാലിമേട്ടിലേക്ക് ഒരു സോളോ വൺ ഡേ ട്രിപ്പ് അനുഭവം . കാട്ടാക്കടയിൽ നിന്ന് രാവിലെ 5 മണിക്ക് ഞാൻ റോയൽ എൻഫീൽഡ് ക്‌ളാസിക് 500-ൽ എംസി റോഡിലേക്ക്.
രണ്ടര മണിക്കൂർ കൊണ്ട് അടൂരിൽ എത്തി അവിടെ ഒരു തട്ടുകടയിൽ നിന്ന് ഒരു സ്ട്രോങ്ങ് ചായയും വടയും കഴിച്ചപ്പോൾ ഉന്മേഷം ഇരട്ടിയായി.അടൂരിൽ നിന്ന് പത്തനംതിട്ട-റാന്നി-എരുമേലി-മുണ്ടക്കയം വഴിയാണ് പാഞ്ചാലിമേട് എത്തിച്ചേരേണ്ടത്.ശബരിമല സീസൺ ആയതിനാൽ പോകുന്ന വഴി കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ്സുകൾ ആണ് എവിടെയും, ആന വണ്ടിയെ ഓവർട്ടേക്ക് ചെയ്യാനും പാടുപ്പെട്ടു.
മുണ്ടക്കയം എത്തിയപ്പോൾ കോടപുതച്ച മലമടക്കുകൾ കണ്ണിന് വിരുന്നായി വന്ന് തുടങ്ങും,ചുരത്തിലൂടെ ക്ലാസിക്കിന്‍റെ റെട്രോ റൈഡ് ഒരനുഭവം തന്നെയാണ്. മുണ്ടക്കയം കഴിഞ്ഞാൽ പിന്നെ ഹൈറേഞ്ച് തുടങ്ങുകയായി. പിന്നീടങ്ങോട്ട് നല്ല കയറ്റമാണ്. വശങ്ങളിൽ മനോഹരമായ കാഴ്ചകൾ നീണ്ടു പോകുന്നു. എല്ലാം ആസ്വദിച്ചു ഞാൻ പാഞ്ചാലിമേട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
മുണ്ടക്കയം കഴിഞ്ഞ് കയറ്റം കയറി മുറിഞ്ഞപുഴയില്‍ എത്തുമ്പോള്‍ പ്രവേശനകവാടമായി.മുറിഞ്ഞപുഴയിൽ നിന്ന് പാഞ്ചാലിമേട്ടിലേക്കുള്ള വഴി ഇടുങ്ങിയതാണ്,കഷ്ടി ഒരു ജീപ്പ് പോകുന്ന വഴിയാണ്,റോഡ് തീരെ മോശമല്ല,ഇടുങ്ങിയ കയറ്റം കയറി ഞാൻ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. വളരെ മനോഹരമായി വൃത്തിയോടെ പരിപാലിച്ചിരിക്കുന്ന ഒരു സ്ഥലമാണ് പാഞ്ചാലിമേട്. സന്ദർശകർക്കായി ഓട് പാകിയ നടപ്പാതകൾ പണിതിട്ടുണ്ട്, അവിടെയെല്ലാം നടന്നു കാണുവാൻ വളരെ ഉപകാരമായിരുന്നു അത്
പാഞ്ചാലിമേടിനെക്കുറിച്ച് പറയുകയാണെങ്കിൽ, സമുദ്രനിരപ്പിൽ നിന്നും 2500-3000 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കോട്ടയം – കുമളി റൂട്ടിൽ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്..അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു എന്നാണ് ഐതീഹ്യം.
ഇവിടുത്തെ ഗിരിവർഗ്ഗക്കാർ പാണ്ഡവര്‍ക്കു വേണ്ട സഹായവും ചെയ്തിരുന്നു. അങ്ങനെയാണ് പാഞ്ചാലിയുടെ പേരില്‍ ഈ സ്ഥലം അറിയപ്പെട്ടത് എന്നാണ് വിശ്വാസം.ഐതിഹ്യപ്പെരുമയുള്ള പാഞ്ചാലിക്കുളമാണ് മറ്റൊരു പ്രത്യേകത.പാണ്ഡവരുടെ വനവാസകാലത്തു പാഞ്ചാലിക്കു കുളിക്കാന്‍വേണ്ടി ഭീമസേനന്‍ കുഴിച്ച കുളമാണിതെന്നാണു വിശ്വാസം.അങ്ങനെ ഇതിനു പാഞ്ചാലിക്കുളമെന്നു പേരുമായി.
പാഞ്ചാലിമേടിനു മുകളിൽ കുരിശുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നും, തൊട്ടപ്പുറത്തായി ഒരു ക്ഷേത്രവും ഉണ്ട്. മുകളിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരമായിരുന്നു.
ഇടുക്കി ജില്ലയിൽ അധികമാരും അറിയപ്പെടാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പാഞ്ചാലിമേട് എന്നാണ് എനിക്ക് തോന്നുന്നത്. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം.
ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ആസമയത്ത് ഇവിടെ വരാറുണ്ട്.ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്. കുന്നു കയറിച്ചെല്ലുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ പാകത്തിനാണ് കാഴ്ചകൾ ഇവിടെനിന്നാല്‍ ഒരുവശത്ത് പച്ച പുതച്ചുനില്‍ക്കുന്ന മലനിരകളും ഇടുക്കിയെയും മറുവശത്ത് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളും ആസ്വദിക്കാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മഴ- ഇടിമിന്നൽ ഉള്ള സമയങ്ങളിൽ ഇവിടേക്ക് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും.ഇടിമിന്നൽ ഏൽക്കുവാൻ സാധ്യതയുള്ള മേഖലകളിൽ ഒന്നാണ് പാഞ്ചാലിമേട്.ഒറ്റക്കും ഫാമിലിയായും വന്നു കുറച്ചു സമയം പ്രകൃതി ഭംഗി ആസ്വദിച്ച് സമയം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പാഞ്ചാലിമേടും കൂടി ഉൾപ്പെടുത്താം.
കോട്ടയം – കുമളി റൂട്ടിലൂടെ ഇനി എന്നെങ്കിലും നിങ്ങൾ പോകുകയാണെങ്കിൽ കുറച്ചു സമയം പാഞ്ചാലിമേട് സന്ദർശിക്കുവാനായി മാറ്റിവെക്കുക. ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...