Mission Arikkomban: പൂജ നടത്തിയത് അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടി: മന്ത്രി എ.കെ. ശശീന്ദ്രന്‍

 Mission Arikkomban: നാലു കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജന്‍മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുത്തത്.  

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 02:04 PM IST
  • ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
  • മന്നാന്‍ ആദിവാസി വിഭാഗമാണ് പൂജ ചെയ്തത്.
  • വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജ നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Mission Arikkomban: പൂജ നടത്തിയത് അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടി: മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: നാളുകളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ശനിയാഴ്ച്ച വൈകുന്നേരത്തോടെ അരിക്കൊമ്പനെ തളയ്ക്കാനായത്. ശേഷം ആനയെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. കുമളിയിലെത്തിയ അരിക്കൊമ്പനെ പൂജയോടെയാണ് സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകര്‍മങ്ങള്‍. ആനയെ പൂജ ചെയ്ത് സ്വീകരിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാലിത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മന്നാന്‍ ആദിവാസി വിഭാഗമാണ് പൂജ ചെയ്തത്. അവരുടെ താല്‍പര്യമായിരുന്നു. ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ് അതൊക്കെ.

ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും എകെ ശശീന്ദ്രനും പറഞ്ഞു. അതേസമയം പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജ ചെയ്തതെന്ന് പൂജാ കര്‍മങ്ങള്‍ ചെയ്ത അരുവി പറഞ്ഞു. വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജ നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: തിരുവനന്തപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; നിരവധി കോഴികളെ കൊന്നു

ചിന്നക്കനാല്‍, ശാന്തന്‍പാറ  ജനവാസമേഖലകളില്‍ ഭീതി പരത്തിയ ആനയെ തളയ്ക്കുന്നതിനായി മിഷന്‍ അരിക്കൊമ്പന്‍ എന്ന പേരില്‍ തുടങ്ങിയ ദൗത്യം ശനിയാഴ്ച്ചയാണ് സമ്പൂര്‍ണ്ണ വിജയം കണ്ടത്. വെളളിയാഴ്ച്ച ശ്രമം ആരംഭിച്ചെങ്കിലും ആനയെ പിടികൂടാനായില്ല. കൂട്ടംകൂടി നില്‍ക്കുന്ന ആനകള്‍ക്കിടയില്‍ ചക്കകൊമ്പന്റെ സാന്നിധ്യം മയക്കുവെടിവെക്കാന്‍ ഊഴം കാത്തുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറി. വെള്ളിയാഴ്ച്ച മുഴുവന്‍ ചക്കകൊമ്പന്റെ മറവില്‍ അരിക്കൊമ്പന്‍ മുങ്ങി നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജന്‍മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുത്തിരുന്നത്. നാലു കുങ്കിയാനകളും അരിക്കൊമ്പനായി തക്കം പാര്‍ത്തു നിന്നു. എന്നാല്‍ വൈകുന്നേരമായിട്ടും ആനയെ മയക്കുവെടി വെക്കാന്‍ സാധിച്ചില്ല.

ശേഷം ശ്രമം ശനിയാഴ്ച്ച വീണ്ടും ആരംഭിക്കുകയായിരുന്നു. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തുവെച്ച് ഉച്ചയ്ക്ക് 11.55നാണ് ആദ്യവെടി വെച്ചത്. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. 6 തവണ മയക്കുവെടിവെച്ചിട്ടും അവസാന നിമിഷം വരെ കുങ്കിയാനകളോട് ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന്‍ ചിന്നക്കനാലിനോട് വിടപറഞ്ഞത്. കീഴടങ്ങുന്നതിന്റെ തൊട്ടുമുന്നേയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനായി പ്രകൃതിപോലും അനുവദിച്ചിരുന്നില്ല. കുങ്കിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചേ നാലരയോടെ അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.

മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്ന് പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് പറഞ്ഞു. റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്‌നലില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ആനയുടെ ആരോഗ്യനില തൃപ്തികരമാണ്. അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. ഉള്‍ക്കാട്ടിലേക്ക് തുറന്ന് വിടും മുന്‍പ് അരിക്കൊമ്പന് ചികിത്സ നല്‍കിയിരുന്നവെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ 11 ജീവനാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പൊലിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. എന്നാല്‍ 7 പേരെന്നാണ് വനം വകുപ്പിന്റെ കണക്ക്. 180ല്‍ പരം കെട്ടിടങ്ങള്‍. ഇതില്‍ 23 കെട്ടിടങ്ങള്‍ ഈ വര്‍ഷമാണ് തകര്‍ത്തത്. ഇതില്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറും അടക്കമുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടും.വനം വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് 2005 മുതലുള്ള അരിക്കൊമ്പന്റെ വിളയാട്ടം അക്കമിട്ട് നിരത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News