Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

Arjun Mission Updates: മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 09:17 AM IST
  • അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം ഇന്നു വൈകിട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടുനൽകുമെന്ന് റിപ്പോർട്ട്
  • മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്
  • മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും
Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു
കർണാടക: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം ഇന്നു വൈകിട്ടോ നാളെയോ കുടുംബാംഗങ്ങൾക്കു വിട്ടുനൽകുമെന്ന് റിപ്പോർട്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്. 
 

മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

Also Read: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!

ഡിഎൻഎ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ നേരത്തെ അറിയിച്ചിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായി ഇന്നും തിരച്ചിൽ തുടരുമെന്നാണ് സൂചന. അർജുൻ ഓടിച്ചിരുന്ന ലോറി ഇന്ന് പൂർണമായും കരയിലേക്കു കയറ്റും. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 
 
 
72 ദിവസത്തെ കാത്തിരിപ്പിനും സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇന്നലെ വൈകിട്ടോടെയാണ് ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. ജൂലൈ 16 ന് ദേശീയപാത 66 ൽ മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് എട്ടാം ദിവസമാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്.  ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കിറങ്ങിയിരുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് കർണാടക സർക്കാർ ഗോവയിൽ നിന്നെത്തിച്ച ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിലിലാണു ഒടുവിൽ ലോറി പൊക്കിയെടുത്തത്.
 
 
കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്നു നേവിയുടെ റഡാർ, സോണർ‌ സിഗ്നൽ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മണ്ണിടിച്ചിലിൽ അർജുൻ, തമിഴ്നാട് സ്വദേശിയായ മറ്റൊരു ലോറി ഡ്രൈവർ, സ്ഥലത്തെ ചായക്കടയുടമ ലക്ഷ്മണയും ഭാര്യയും മക്കളും തുടങ്ങിയവരുൾപ്പെടെ 8 പേരാണ് മരണപ്പെട്ടത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News