തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സിപിഐ മുൻ എംഎൽഎമാർ പിൻവലിച്ചു. ഗീതഗോപി, ബിജിമോൾ എന്നിവർ നൽകിയ ഹർജിയാണ് പിൻവലിച്ചത്.
തുടരന്വേഷണം അനിവാര്യമാണെന്നും ഭരണപക്ഷത്ത് നിന്നുള്ള എംഎൽഎമാർ ആക്രമിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തുടരന്വേഷണം ഉണ്ടായിരുന്നില്ലെന്നുമാണ് എംഎൽഎമാർ നേരത്തെ വാദിച്ചിരുന്നത്. മാത്രമല്ല, അന്ന് നിയമസഭയിൽ എംഎൽഎമാർ ഉണ്ടായിരുന്നിട്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം വിളിച്ചിരുന്നില്ലെന്നും അവർ ഹർജിയിൽ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ, തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാണ് ഹർജിയെന്ന് സർക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു.
കേസിൽ വിശദമായ വാദം കേൾക്കാനിരിക്കെയാണ് ഹർജിക്കാരുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ കുറ്റപത്രം വായിച്ചു കേട്ട കേസുകളിൽ പിന്നീട് ഇത്തരത്തിലുള്ള ഹർജികൾ പരിഗണിക്കരുതെന്ന വിധി ന്യായം ഉദ്ധരിച്ചത്. ഇക്കാര്യം പറഞ്ഞുകൊണ്ട് ഹർജികൾ പിൻവലിക്കുകയാണെന്നും കോടതിയെ അറിയിച്ചു. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ തീയതി അന്ന് നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മോൺസൺ കേസ്; കെ സുധാകരനെ ഈ മാസം 23ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
മോൺസൺ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് ഈ മാസം 23ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും ജനപ്രതിനിധിയായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
കെ സുധാകരനെതിരെ പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാർ നാളെ ക്രൈം ബ്രാഞ്ചിന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ കൈമാറുമെന്നാണ് വിവരം. സുധാകരന് പുറമേ മുൻ ഡിഐജി സുരേന്ദ്രനോടും ഐ.ജി ലക്ഷ്മണയോടും ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ട് വൈകാതെ നോട്ടീസ് അയക്കും.
അതേസമയം, കേസിൽ ആരോപണ വിധേയനായ ഐജി ലക്ഷ്മണക്കെതിരെയുള്ള വകുപ്പുതല റിപ്പോർട്ട് പുറത്തുവന്നു. മോൻസണുമായുള്ള തട്ടിപ്പുകൾക്ക് ഐജി കൂട്ടുനിന്നെന്നാണ് ഇന്റലിജൻസ് മേധാവി എഡിജിപി ടി കെ വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഡിജിപി റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ ഐ ജി ലക്ഷ്മണ രണ്ട് തവണ സസ്പെൻഷനും നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...