ബെംഗളൂരു: ഓണാവധി അടുത്തതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് സ്വകാര്യ ബസുകൾ. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. സെപ്തംബർ ആറിന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 4,500 രൂപയാണ് സ്വകാര്യ ബസുകളുടെ നിരക്ക്. സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന ടിക്കറ്റിനാണ് ഓണാവധി അടുത്ത സാഹചര്യത്തിൽ 4,500 ആയി വർധിപ്പിച്ചിരിക്കുന്നത്.
ഇതേ ദിവസം ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാന നിരക്ക് 2000 മുതൽ 4000 വരെയാണ്. സെപ്റ്റംബർ രണ്ടിനും ഏഴിനും ഇടയ്ക്കാണ് ഓണാവധിക്കായി കൂടുതൽ മലയാളികളും നാട്ടിലേക്ക് പോകുന്നത്. അതിനാൽ, ഈ ദിവസങ്ങളിൽ ഇരട്ടിയിലധികം നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. അവധി അടുത്ത് വരുമ്പോൾ സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് അയ്യായിരം രൂപയ്ക്ക് മുകളിൽ എത്താനാണ് സാധ്യത. സെപ്റ്റംബർ ആറിന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 2,100 രൂപയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്ന ഉയർന്ന നിരക്ക്.
ALSO READ: കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും
ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് പതിവാണെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സ്വകാര്യ ബസുകളിലെ നിരക്ക് നിയന്ത്രിക്കാൻ അധികൃതരും നടപടിയെടുക്കാറില്ല. ടിക്കറ്റ് നിരക്ക് എത്രകൂട്ടിയാലും യാത്ര ചെയ്യാൻ ആളുണ്ടെന്നതും സ്വകാര്യ ബസുകൾക്ക് നിരക്ക് വർധിപ്പിക്കാൻ പ്രേരണയാകുകയാണ്. കേരളത്തിലേക്കുള്ള തീവണ്ടികളിലും കേരള-കർണാടക ആർ.ടി.സി. ബസുകളിലും ടിക്കറ്റ് ലഭിക്കാതെ വരുന്നവർക്കാണ് സ്വകാര്യ ബസുകളുടെ അമിതനിരക്ക് ഇരുട്ടടിയാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...