കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരില്‍ ചേരും. യോഗത്തില്‍ ശബരിമലയിലെ തുടര്‍നിലപാട് ചര്‍ച്ചയാവും.
അംഗത്വ വിതരണം ഊര്‍ജ്ജിതമാക്കുന്നതും പ്രധാന ചര്‍ച്ചയാകും. സംഘടനാ തിരഞ്ഞെടുപ്പിന്‍റ സമയക്രമത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന് ശബരിമല യുവതി പ്രവേശനം തന്നെയായിരിക്കും. സ്വകാര്യ ബില്‍ ലോക്സഭയില്‍ വന്ന സാഹചര്യത്തില്‍ ഇതില്‍ പാര്‍ട്ടി എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തന്നെ തുറന്ന്‍ പറയുകയും യുഡിഎഫ് പ്രതിനിധി എന്‍.കെ.പ്രേമചന്ദ്രന്‍ ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തില്‍ ശരിയായൊരു നിലപാട് എടുക്കേണ്ട ആവശ്യം ഇപ്പോള്‍ ബിജെപിയുടെ മുന്നിലുണ്ട്.
തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍ വച്ച വിഷയങ്ങളില്‍ പ്രധാനമായത് ശബരിമല യുവതി പ്രവേശനം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ വിശ്വാസ സമൂഹത്തെ കയ്യിലെടുക്കാന്‍ ശക്തമായ നിലപാട് തന്നെ ബിജെപിക്ക് എടുക്കെണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.