തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല.
ചാര്‍ജ് വര്‍ധന സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചാര്‍ജ് വര്‍ദ്ധന റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തത്. തുടര്‍ന്ന്, സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ബസ് ചാര്‍ജ് വര്‍ദ്ധന വെട്ടിക്കുറച്ചുവെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബസ് ഉടമകള്‍ക്ക് നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ബസ് ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ല. ചാര്‍ജ് വര്‍ധന സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റി പരിശോധിച്ച് വരികയാണ്. അതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മോട്ടോര്‍വാഹന നിയമപ്രകാരം ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും കണക്കിലെടുത്താണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് 50% വര്‍ദ്ധിപ്പിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍, 100% ബസ് ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട അവസരത്തില്‍ ലഭിച്ചത് 50%. പിന്നീട് അത് റദ്ദാക്കി. ഇതേതുടര്‍ന്നാണ് സ്വകാര്യ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്യുന്നതും.
Also Read: കൂടിയ നിരക്ക് ഈടാക്കാ൦, ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്റ്റേ
നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.