Cancer: കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു മുന്നേറ്റം: എറണാകുളം ജനറൽ ആശുപത്രിയിൽ 25 കോടിയുടെ കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്

Cancer Specialty Block at Ernakulam General Hospital: കാൻസർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും.  

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 11:22 PM IST
  • കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ധനസഹായത്തോടെയാണിത്.
  • 105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന തരത്തിലാണ് സജ്ജീകരണം
  • വലിയ പ്രാധാന്യമാണ് കാൻസർ ചികിത്സയ്ക്ക് നൽകുന്നതെന്ന് വീണാ ജോർജ്.
Cancer: കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു മുന്നേറ്റം: എറണാകുളം ജനറൽ ആശുപത്രിയിൽ 25 കോടിയുടെ കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്

തിരുവനന്തപുരം: അത്യാധുനിക കാൻസർ ചികിത്സയ്ക്ക് എറണാകുളത്ത് സംവിധാനമൊരുങ്ങുന്നു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ധനസഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ നിർമ്മിച്ച കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള ഈ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്.

കാൻസർ ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. റീജിയണൽ കാൻസർ സെന്ററുകൾക്ക് പുറമേ പ്രധാന മെഡിക്കൽ കോളേജുകളിലും വലിയ ചികിത്സാ സൗകര്യമാണ് ഒരുക്കി വരുന്നത്. ഇവയ്ക്ക് പുറമേ 25 ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. കേരള കാൻസർ രജിസ്ട്രി പ്രവർത്തനമാരംഭിച്ചു. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. ആർസിസിയിലും എംസിസിയിലും റോബോട്ടിക് സർജറി ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സ വിപുലമാക്കുന്നത്. ഈ മേഖലയിലെ ജനങ്ങൾക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മദ്യത്തിന് അധിക വില, അടിമുടി തട്ടിപ്പ്; ബെവ്കോയില്‍ വിജിലന്‍സിന്റെ 'ഓപറേഷന്‍ മൂണ്‍ലിറ്റില്‍

105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. കാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ഡോർമറ്ററി തുടങ്ങിയവയെല്ലാം സജ്ജമാക്കി. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്സിംഗ് സ്റ്റേഷനും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ ഏറ്റവും മികവേറിയതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ സംവിധാനവുമാണ് ജനറൽ ആശുപത്രി ഓങ്കോളജി വിഭാഗത്തിന് കീഴിലുള്ളത്. പ്രതിദിനം 250ഓളം പേർ ഒപിയിലും 25 ഓളം പേർ കിടത്തി ചികിത്സയ്ക്കും എത്തുന്നു. കൂടാതെ പ്രതിദിനം 40ഓളം കീമോതെറാപ്പി, 15ഓളം റേഡിയോതെറാപ്പി സേവനങ്ങളും നൽകി വരുന്നു. ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാമ്മോഗ്രാം യൂണിറ്റ്, 128 സ്ലൈസ് സി.ടി. സ്‌കാൻ സംവിധാനം എന്നിവ കഴിഞ്ഞ 6 മാസങ്ങൾക്കുള്ളിൽ നടത്തിയ വികസന പദ്ധതികളിൽ എടുത്തു പറയേണ്ടതാണ്.

നഗരമധ്യത്തിൽ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നാണ് ജനറൽ ആശുപത്രിയിൽ ഈ മികച്ച സൗകര്യങ്ങളൊരുക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഹൃദയശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയാണ്. രാജ്യത്തിന് മാതൃകയായി ജില്ലാതല ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും യാഥാർത്ഥ്യമാകുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News