തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി,എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.ചുരിദ്ദാറിട്ട് പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിന് അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ചുരിദാർ ധരിച്ച് ക്ഷേത്രദർശനത്തിനെത്തിയ ഭക്തരെ പ്രതിഷേധക്കാർ തടയുകയും ചെയ്തു. ക്ഷേത്രം ഓഫീസിൽ നടന്ന ചർച്ചയിൽ ഉത്തരവ് പിൻവലിക്കാമെന്ന് ഭരണ സമിതി അധ്യക്ഷൻ അഡ്വ. ഹരിലാൽ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ചുരിദാർ ധരിക്കാൻ അനുവദിച്ചത്. സെപ്തംബർ 29ന് ഹരജി പരിഗണിച്ച കോടതി ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.