വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 08:07 PM IST
  • വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി
  • തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങൾക്കെതിരേ നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തി. കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനു യാതൊരു തടസവുമുണ്ടാകില്ലെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ അനുമതികളും ദിവസങ്ങൾക്കകം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്നു വർഷംകൊണ്ട് ആവശ്യമായ ലൈസൻസ് സമ്പാദിച്ചാൽ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുണ്ടായിരിക്കുന്ന ഈ വേഗത ആർജിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായികൾ നാടിനു വലിയ തോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിൽത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂർവം ചിലർക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിർഭാഗ്യകരമാണ്. അതു പൂർണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോൾ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നാണു കേൾക്കുന്നത്. അത്തരം ആളുകൾ ജയിലിൽ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സർക്കാരിന്റേയും യജമാനൻമാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങൾ നടക്കേണ്ടത്. നേട്ടങ്ങൾക്കിടയിലും ഇത്തരം ചില പോരായ്മകൾ സംസ്ഥാനത്തു നിലനിൽക്കുന്നുണ്ട്. അതു തിരുത്താൻ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News