R.Bindu: ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രശ്‌ന പരിഹാര സെൽ രൂപീകരിക്കും: ആ‍ർ.ബിന്ദു

R.Bindu reacts to Amal Jyothi college issue: ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആ‌‍ർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 04:56 PM IST
  • കോളേജ് പ്രിൻസിപ്പാൾ ചെയർപേഴ്‌സണായാണ്‌ സെൽ നിലവിൽ വരിക.
  • ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും.
  • ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം.
R.Bindu: ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രശ്‌ന പരിഹാര സെൽ രൂപീകരിക്കും: ആ‍ർ.ബിന്ദു

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആ‌‍ർ.ബിന്ദു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര തീരുമാനം. 

കോളേജ് പ്രിൻസിപ്പാൾ (സർവ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി) ചെയർപേഴ്‌സണായാണ്‌ സെൽ നിലവിൽ വരിക. പ്രിൻസിപ്പൽ/ സർവ്വകലാശാലാ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ (അതിലൊരാൾ വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയൻ /ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ, വിദ്യാർത്ഥികളിൽനിന്നും അവരാൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/സർവ്വകലാശാലാ വകുപ്പുമേധാവി നാമനിർദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി, എസ്‌സി-എസ്‌ടി  വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സർവ്വകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അധ്യാപകൻ/അദ്ധ്യാപിക എന്നിവരും ചേർന്നാണ് സെല്ലിന്റെ ഘടന. 

ALSO READ: ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമത്; ഭക്ഷ്യസുരക്ഷ ഭംഗിയായി നിർവഹിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിദ്യാർത്ഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകർക്കും  ഒരുവർഷവും, സർവ്വകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വകാലാവധി. സർവ്വകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും.  വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ  അംഗങ്ങളായ വിദ്യാർത്ഥികൾ തുടരും. 

ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ചെയർപേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തിരഞ്ഞെടുക്കാം.

സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവ്വകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവ്വകലാശാലയിൽ അറിയിക്കും. ഇതിനായി എല്ലാ സർവകലാശാലകളിലും ഒരു പ്രത്യേക ഓഫീസർക്ക് ചുമതല നൽകും.

സമിതിയുടെ അധികാരപരിധിയും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ / കോളേജിന്റെ പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തത്. സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നൽകുന്ന സേവനങ്ങൾക്ക് പ്രഖ്യാപിതനയങ്ങൾക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളിൽ ഉള്ള കുറവുകൾ, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേർതിരിവുകളുണ്ടാക്കൽ, അധികാരികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സഹവിദ്യാർത്ഥികളിൽനിന്നും ജീവനക്കാരിൽനിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തിൽ നിലവിലുള്ള സംവിധാനങ്ങളിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഈ സെല്ലിൽ പരാതിനൽകാം. സർവകലാശാലാ നിയമങ്ങൾ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും.

പരാതികൾക്കുമേൽ സർവ്വകലാശാലാ തലത്തിൽ  അപ്പീൽസംവിധാനം ഉണ്ടാകും. കോളേജുതല  സമിതിയുടെ തീരുമാനത്തിന്മേൽ ആക്ഷേപം വന്നാൽ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന താഴെപ്പറയും വിധമായിരിക്കും:

പ്രൊ-വൈസ് ചാൻസലർ (ചെയർപേഴ്സൺ), വിദ്യാർത്ഥിവിഭാഗം ഡീൻ/ഡയറക്ടർ (കൺവീനർ), സിൻഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധി, സർവ്വകലാശാലാ യൂണിയൻ ചെയർപേഴ്സൺ, സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകർ (ഇതിൽ ഒരു വനിതയും എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഒരു സർവ്വകലാശാലാ ഉദ്യോഗസ്ഥൻ. ഈ യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. 

അത് ഉടനടി നടപ്പിൽ വരുത്തേണ്ട നിയമപരമായ ബാധ്യത ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുണ്ടാകും. ഏതെങ്കിലും സ്ഥാപനം ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ സർവ്വകലാശാലകൾക്ക് പരാതിയുടെ ഗൗരവമനുസരിച്ച് പിഴയീടാക്കാനും സ്ഥാപനത്തെ തുടർന്ന് കോഴ്‌സുകൾ നടത്തുന്നതിൽനിന്ന് വിലക്കുന്നതിനും സർക്കാർ ധനസഹായം പിൻവലിക്കുന്നതിനും അഫിലിയേഷൻ റദ്ദാക്കുന്നതടക്കമുള്ള മറ്റു കർശന നടപടികൾ കൈക്കൊള്ളുന്നതിനും ഉത്തരവിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. 

ക്യാമ്പസുകൾക്കകത്ത് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതിൽ സർക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ട്. ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകൾ പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെൺകുട്ടികൾ, എസ്‌സി-എസ്‌ടി വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും.

പരീക്ഷ സംബന്ധമായി നിരവധി പരാതികൾ എപ്പോഴും ഉയരാറുണ്ട്. നിരന്തര മൂല്യനിർണ്ണയം വിദ്യാർത്ഥികളുടെ കഴിവിനെ വിലയിരുത്താനാണ് നടപ്പാക്കിയത്.എന്നാൽ, ഇന്റേണൽ മാർക്കെന്നത്  വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിർത്താനും ഉപയോഗിക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യം എവിടെയും ഉണ്ടായിക്കൂടാ. ഇന്റേണൽ മാർക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താൻ സർവ്വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തുന്നവർക്കെതിരെ നടപടി വേണ്ടി വരും. കോളേജ് നൽകുന്ന ഇന്റേണൽ മാർക്കിൽ പരാതി ഉണ്ടെങ്കിൽ സമീപിക്കാനുള്ള സർവ്വകലാശാല തല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തും.

ഇത്തരത്തിൽ  വിദ്യാർത്ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതാവും നിർദ്ദിഷ്ട 'വിദ്യാർത്ഥികളുടെ അവകാശരേഖ' (Charter of Students Rights). രേഖ ഉടൻ സർവ്വകലാശാല നിയമത്തിന്റെ ഭാഗമാക്കും. 'വിദ്യാർത്ഥികളുടെ അവകാശരേഖ'യിൽ പറയുന്ന അവകാശങ്ങൾ ഉറപ്പാക്കലും വിദ്യാർത്ഥി പരാതി പരിഹാര സെല്ലിന്റെ അധികാരപരിധിയിൽ വരും.

സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ നിലവിലുള്ള ജീവനി സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അൺ എയ്ഡഡ് - സ്വാശ്രയ കോളേജുകളിലും ജീവനി നടപ്പാക്കുമെന്നത് നിർദ്ദിഷ്ട 'വിദ്യാർത്ഥികളുടെ അവകാശരേഖ' യുടെ ഭാഗമാകും. അതോടെ എല്ലാ കോളേജുകളിലും കൗൺസിലിംഗ് ലഭ്യമാകുക എന്നത് വിദ്യാർത്ഥികളുടെ അവകാശമായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News