തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഉന്നതതല യോഗങ്ങൾ വിളിച്ചു ചേർത്ത് നിയന്ത്രണങ്ങളെയും പ്രതിരോധങ്ങളെയും സംബന്ധിച്ച ചർച്ചകൾ ദ്രുതഗതിയിൽ നടന്ന് വരികയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാപനതോത് വളരെ ഉയർന്ന നിലയിലാണ്. കൊവിഡ് (Covid) ഒന്നാം തരംഗത്തിൽ കേരളം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മികച്ചതായിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ വ്യാപനം അതീവ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിരോധം എത്രത്തോളം ഫലപ്രദമാകുമെന്നതിനെ സംബന്ധിച്ച് ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ല.
രണ്ടാംതരംഗത്തിൽ രാജ്യവ്യാപകമായി അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് ഉണ്ടാകുന്നത്. ഏപ്രിൽ രണ്ടിന് ലോകത്തെ തന്നെ ഏറ്റവും രൂക്ഷമായ കൊവിഡ് വ്യാപനമാണ് രാജ്യം നേരിട്ടത്. ഇനിയൊരു സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും അടച്ചിടലിന് സമാനമായ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് നിലവിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. വാക്സിനേഷൻ (Vaccination) വളരെ വിപുലമായി രാജ്യത്ത് നടപ്പാക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് ഇനിയൊരു ലോക്ക്ഡൗണിലേക്ക് രാജ്യം പോകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. അതിന് പകരമായി പ്രദേശിക തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ചറിഞ്ഞ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രം നിർദേശിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.
ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ
സംസ്ഥാനം വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടർമാർക്ക് നൽകി. ഇത് കൂടാതെ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് കർശനമാക്കാനും ആലോചിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിലൂടെ കൊവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വാക്സിൻ വിതരണം വേഗത്തിലാക്കുന്നത് വഴി പരമാവധി പേരിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനിടെ വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകളും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 19 മില്യൺ ഡോസ് വാക്സിൻ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ALSO READ: Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു
ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ (Curfew) നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അതീവ കൊവിഡ് വ്യാപനത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ അടച്ചിടലിന് സമാനമായ ഒരു സാഹചര്യമാകും സംസ്ഥാനത്തുണ്ടാകുക. എന്നാൽ സമ്പൂർണ അടച്ചിടലിന് സർക്കാർ മുതിരുമോയെന്നത് സംശയമാണ്. സാമ്പത്തിക സ്ഥിതിയെ വീണ്ടും പിടിച്ചുലയ്ക്കുന്ന സമ്പൂർണ അടച്ചിടലിലേക്ക് പോകില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും പരമാവധി നിയന്ത്രണങ്ങൾ കടുപ്പിച്ച് കൊവിഡ് വ്യാപനം തടയാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.