തിരുവനന്തപുരം: എംകെ ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി തുടരുന്നതില്‍ അതൃപ്തിയുമായി സിപിഐ. എംകെ ദാമോദരനെ ഇനിയും സംരക്ഷിക്കുന്നത് മുന്നണിക്ക് അപകടമാണെന്ന നിലപാടിലാണ് സിപിഐ. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായ നടപടി മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു.ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് എത്തിയത്. ഏതെങ്കിലും കേസ് എടുക്കുന്നതിന് എം കെ ദാമോദരന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും പ്രതിഫലം പറ്റിയിട്ടല്ല എം കെ ദാമോദരന്‍ ഉപദേശക സ്ഥാനത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
പ്രതിഫലമില്ലാത്ത ഈ പദവി മറ്റു കേസുകളിലും ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുളളതിനാലാണ് അദ്ദേഹം ഏറ്റെടുത്തതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.
അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്. കൂടാതെകശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയുമാണ് ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു .എന്നാല്‍, പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയുടെ ഉപദേശക പദവിയില്‍ ദാമോദരന്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി. ദാമോദരനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
പുതിയ സര്‍ക്കാരിന്‍റെ തുടക്കകാലമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാമെന്ന നിലപാടിനെ തുടര്‍ന്നാണു സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ പരസ്യ പ്രതികരണത്തില്‍നിന്നു വിട്ടുനിന്നത്. നിലപാട് മുന്നണി യോഗത്തില്‍ അറിയിക്കുമെന്നാണ് സിപിഐ പ്രതികരിച്ചിരുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ ചെയ്യുന്ന സത്പ്രവര്‍ത്തികള്‍പോലും സംശയത്തിന്‍റെ കരിനിഴലിലാകുമെന്നാണ് ഇപ്പോള്‍ സിപിഐ കരുതുന്നത്. അതിനാല്‍ തന്നെ തുടക്കത്തില്‍തന്നെ ഇതു തിരുത്തണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.
എം.കെ. ദാമോദരന്‍ സര്‍ക്കാരിന്‍റെ എതിര്‍കക്ഷികള്‍ക്കുവേണ്ടി ഹാജരാകരുതെന്നാണു സിപിഐ നിലപാട്. വിഷയം നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും. വൈകിട്ടു നാലിന് എകെജി സെന്ററിലാണ് യോഗം. ദാമോദരനെ മാറ്റണമെന്നു സിപിഐയുടെ വിദ്യാര്‍ഥി സംഘടന എഐഎസ്എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.