തന്റെ നിയമോപദേഷ്ടാവ് എം കെ ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിഫലം പറ്റുന്ന നിയമോപദേഷ്ടാവല്ല ദാമോദരന്‍. അദ്ദേഹം ഏത് കേസ് ഏറ്റെടുക്കുന്നതിനോടും വിരോധമില്ല. ഏത് കേസ് ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മാർട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കോടതിയിൽ ഹാജരായ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് പിണറായി വിജയൻ എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്.കൂടാതെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ഹരജി നൽകിയ സംഭവവും ചെന്നിത്തല സഭയിൽ ഉന്നയിച്ചു.
സംസ്ഥാന സർക്കാറിനെ നിയമോപദേശം നൽകേണ്ട വ്യക്തി തന്നെ കേസിൽ പ്രതിയായിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രീധരന്‍ നായര്‍ വ്യക്തിപരമായി തട്ടിപ്പ് നടത്തിയെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു . കമ്പനി ഡയറക്‌ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാകാം തിരിച്ചടക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും അതുവരെ പ്രതിയാണെന്നു പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ ഭൂമി ഡയറക്ടര്‍മാരറിയാതെ പണയം വെച്ച് അഞ്ച് കോടി രൂപ വായ്പയെടുത്തതായാണ് ശ്രീധരന്‍ നായര്‍ക്കെതിരായ പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഡോക്ടര്‍ കെ ആര്‍ വാസുദേവനാണ് കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
അതേസമയം ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തുനിന്ന് മഞ്ചേരി ശ്രീധരന്‍ നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അഞ്ച് കോടി തട്ടിയ കേസിലെ രണ്ടാം പ്രതിയാണ് ശ്രീധരന്‍നായരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എം.കെ ദാമോദരനെയും മഞ്ചേരി ശ്രീധരന്‍ നായരെയും പിന്തുണക്കുന്ന നിലപാട് പിണറായി സ്വീകരിച്ചത് നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ പിന്തുണച്ചു നിയമ മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തും സമാനരീതിയിൽ നിയമോപദേശകർ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി കോടതികളിൽ ഹാജരായിട്ടുണ്ടെന്ന് മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ. ദാമോദരന്‍ രണ്ടു തവണ ഹൈകോടതിയില്‍ ഹാജരായിരുന്നു. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്.
വഞ്ചനാകുറ്റത്തിന് അഡ്വ. മഞ്ചേരി ശ്രീധരന്‍ നായരെ രണ്ടാം പ്രതിയാക്കി കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. മഞ്ചേരി ഡി.എം.ഒയും സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരില്‍ ഒരാളുമായ ഡോ. കെ.ആര്‍. വാസുദേവനാണ് പരാതിക്കാരന്‍. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്‍െറ ആറ് ഏക്കര്‍ ഭൂമിയുടെ പ്രമാണം ഈട് നല്‍കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിൽ നിന്ന് (കെ.എഫ്.സി) വായ്പയെടുത്ത അഞ്ച് കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് പരാതി. വഞ്ചനാ കുറ്റത്തിന് പുറമെ അപമാനിക്കല്‍, കൃത്രിമരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളും എതിര്‍കക്ഷികള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്