തിരുവനന്തപുരം: ലോക കേരള സഭയിൽ വിവാദം ശക്തമാകുന്നു. പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. വിവാദമുണ്ടാക്കുന്നവർ കന്നു കൂട്ടിലെ പട്ടിയെപ്പോലെയാണ് തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്നും ബാലൻ പറഞ്ഞു. അതേ സമയം ലോക കേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
പൂച്ച പാല് കുടിക്കുന്നതുപോലെയാണ് സർക്കാർ തട്ടിപ്പ് നടത്തുന്നതെന്ന് എ.കെ ബാലന് മറുടിയായി രമേശ് ചെന്നിത്തലയും പറഞ്ഞു. ലോക കേരള സഭയിൽ ഭരണ പ്രതിപക്ഷ പോര് മുറുകയാണ്. പണപ്പിരിവ് നടത്തി പരിപാടി സംഘടിപ്പിക്കുന്നതിനെ ശക്തമായ ഭാഷയിൽ പ്രതിപക്ഷം വിമർശിക്കുമ്പോൾ, പണപ്പിരിവല്ല സ്പോൺഷിപ്പാണെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ കെപിസിസി ഭാരവാഹിയെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ലോകകേരള സഭയോട് കാണിക്കുന്നതെന്നാണ് മുൻ മന്ത്രി എ.കെ ബാലൻറെ വിമർശനം. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്. ഇതിനു മുൻപ് ഇവർ ആരും സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേന്നും ബാലൻ ചോദിച്ചു.
ഇവിടുള്ള പണം എടുക്കാനും പറ്റില്ല സ്പോൺസർഷിപ്പ് നൽകിയാൽ സ്വീകരിക്കാനും പറ്റില്ല എന്ന നിലപാട് ശരിയല്ല. വിവാദമുണ്ടാക്കുന്നവർ കന്നു കൂട്ടിലെ പട്ടിയെപ്പോലെയാണ് തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. അതേ സമയം എ.കെ ബാലന് മറുടിയുമായി രമേശ് ചെന്നിത്തലയും രംഗത്ത് എത്തി.
ലോക കേരള സഭ കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല, ഇത് ഒരു ദൂർത്താണ്. വരേണ്യ വർഗത്തിന് വേണ്ടിയുള്ളതാണ് ലോക കേരള സഭ. കേരളത്തിൻറെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്ന് പറയുന്നത് കേട്ട് കേൾവി ഇല്ലാത്ത സംഭവമാണ്. നേരത്തെ ബക്കറ്റ് പിരിവ് നടത്തിയതിന്റെ പുതിയ പേരാണ് സ്പോൺസർഷിപ്പ്. പൂച്ച പാല് കുടിക്കുന്നതുപോലെയാണ് തട്ടിപ്പ് നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചെർത്തു.
പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുണ്ടെങ്കിലും ഇതിനോട് ഇതുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ജൂൺ ഒമ്പത് മുതൽ 11 വരെയാണ് ലോകകേരള സഭ അമേരിക്കയിൽ സമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് മണിക്കൂര്‍ പ്രസംഗവും ലോക കേരള സഭാ സമ്മേളനത്തിൽ ഉണ്ടാകും. മൂന്ന് വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ ടിക്കറ്റുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...