തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരവും നടുക്കുന്നതുമാണ്. സിപിഎം ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. അത് നടത്തിയവരിൽനിന്ന് തിരിച്ചുപിടിക്കാനോ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍.
300 കോടിയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയ സിപിഎം ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടന്ന് ചെല്ലാത്തതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും അതിന് തെളിവ്. ഈ കേസില്‍ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോള്‍ ജാമ്യത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന പുതിയതരം ധനസമ്പാദന മാര്‍ഗമാണ് സിപിഎം ഇപ്പോള്‍ പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.
ജില്ലാ സഹകരണബാങ്കുകളെ ഇല്ലാതാക്കിയതും പ്രശ്നപരിഹാരത്തിനുള്ള വേഗത കുറയ്ക്കാന്‍ കാരണമായി. കേരള ബാങ്ക് ഇത്തരം പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നത് ഗുരുതരവീഴ്ചയാണ് വരുത്തിയത്. സഹകരണ സംഘങ്ങളും ബാങ്കുകളും മൊത്തം നിക്ഷേപത്തിന്‍റെ ഒരു ശതമാനം വീതം അടയ്ക്കുന്ന ഡെപോസിറ്റ് ഗ്യാരന്‍റി സ്കീം വഴി കോടികണക്കിന് രൂപ കരുതല്‍ ധനമായി ഉണ്ടായിരുന്നിട്ടും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിന് അതില്‍ നിന്നും നയാപെെസപോലും സര്‍ക്കാര്‍ ചെലവാക്കാത്തതും നിക്ഷേപകരുടെ ദുരിതം ഇരട്ടിയാക്കി. ഡെപോസിറ്റ് ഗ്യാരന്‍റി സ്കീമിൽ നിലവിലെ നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കെെയൊഴിയുകയാണ് ചെയ്തത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷം പിന്നിടുകയും ഇൗ കാലയളവില്‍ മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്.സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ലക്ഷങ്ങള്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണം ഇല്ലാതെ കൊടിയ ദുരിതത്തിലാണ് ഓരോ നിക്ഷേപകനും. ആരുടെയും പണം നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുമ്പോഴും അത് ലഭിക്കാന്‍ വെെകുന്നതോടെ സ്ഥലം വാങ്ങൽ, വീടുവെക്കൽ, വിവാഹം തുടങ്ങി ഒരുപാട് പേരുടെ സ്വപ്നങ്ങളും അതോടൊപ്പം തകരുകയാണ്. ഇതിനെല്ലാം പരിഹാരം കാണാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷത്തിന്‍റെ നിക്ഷേപം ഉണ്ടായിരുന്ന മാപ്രാണം സ്വദേശി ഫിലോമിനയും പത്തുലക്ഷം നിക്ഷേപം ഉണ്ടായിരുന്ന തളിയക്കോണം സ്വദേശി ഇ.എം. രാമനും സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിന്‍റെ ഇരകളാണ്. ബാങ്കില്‍ പണം ഉണ്ടായിട്ടും ചികിത്സക്ക് പണം ഇല്ലാതെ മരിച്ച ഇവരുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങൾക്കും ഗാരന്‍റി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായെന്നും സുധാകരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...