ഒരു കോടിയുടെ നിരോധിത പുകയിലയുമായി സിപിഎം നേതാവിന്റെ ലോറി: തെറ്റ് ചെയ്താൽ നടപടി എന്ന് സി പി എം

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 01:07 PM IST
  • അതേസമയം കേസിൽ രണ്ട് ആലപ്പുഴ സ്വദേശികളുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി
  • എ ഷാനവാസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സി പി എം
  • ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നും കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ചു വരികയാണ്.
ഒരു കോടിയുടെ  നിരോധിത പുകയിലയുമായി സിപിഎം നേതാവിന്റെ ലോറി:  തെറ്റ് ചെയ്താൽ നടപടി എന്ന് സി പി എം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിൽ. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. അതേസമയം വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നന്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 

വാഹനയുടമയായ ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നും കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. ഇതുസംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു. എന്നാൽ ഈ രേഖകൾ കൃതൃമമായി ഉണ്ടാകിയതാണോ എന്ന സംശയം ഉയരുകയാണ്. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്പ്, കൃത്യമായി പറഞ്ഞാൽ ജനുവരി  6ന് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല.

അതേസമയം കേസിൽ രണ്ട് ആലപ്പുഴ സ്വദേശികളുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീ‍ർ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിൽ നിന്നുമാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാൻമസാല കടത്താൻ ഇത്രയും വലിയ തുക കൈമാറിയത് ആരെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം

നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ച സംഭവത്തിൽ ആലപ്പുഴ നഗരസഭ കൗൺസിലർ എ ഷാനവാസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ഒരാളെയും സംരക്ഷിക്കില്ല. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിഷയം അടിയന്തരമായി ചർച്ച ചെയ്യുമെന്നും ആർ നാസർ. അതേസമയം കേസിലെ പ്രതികളുമായി എ ഷാനവാസ് പുതുവത്സരം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News