പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് നടിയെ പ്രകീർത്തിച്ച രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്; അതിലെന്ത് തെറ്റെന്ന് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ്  രഞ്ജിത്തെന്നായിരുന്നു ദിലീപിന്റെ പുകഴ്ത്തൽ. സിനിമയുടെ വളർച്ചക്ക് ഉതകും വിധം എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ടെന്നും ദിലീപ് പറഞ്ഞു.

Written by - Binu Phalgunan A | Last Updated : Mar 31, 2022, 03:46 PM IST
  • ഫിയോക്കിന്റെ പരിപാടിയിൽ ആയിരുന്നു രഞ്ജിത്ത് ദിലീപിനൊപ്പം വേദി പങ്കിട്ടത്
  • ഫിയോക് ചെയർമാനായ ദിലീപ്, രഞ്ജിത്തിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു
  • രഞ്ജിത്തിനേയും മധുപാലിനേയും അനുമോദിക്കാൻ ഫിയോക് നടത്തിയ യോഗത്തിലായിരുന്നു ഇത്
പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് നടിയെ പ്രകീർത്തിച്ച രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്; അതിലെന്ത് തെറ്റെന്ന് രഞ്ജിത്ത്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് ഐഎഫ്എഫ്കെ വേദിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും ആയ രഞ്ജിത്ത്. അതേ രഞ്ജിത്തിനെ, കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപ് ആദരിക്കുകയും പ്രശംസിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വാർത്ത.  

കൊച്ചിയിൽ ഫിലിം എക്സിബിറ്റേഴ്സിന്റെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു സംഭവം. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനേയും ക്ഷേമനിധി ബോർഡ് ചെയർമാനായ മധുപാലിനേയും അനുമോദിക്കാൻ ചേർന്ന യോഗത്തിലായിരുന്നു വിവാദ സംഭവം. ഫിയോക് ചെയർമാൻ കൂടിയായ ദിലീപ്, രഞ്ജിത്തിനെ ഏറെ പ്രശംസിച്ചുകൊണ്ടാണ് സംസാരിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ്  രഞ്ജിത്തെന്നായിരുന്നു ദിലീപിന്റെ പുകഴ്ത്തൽ. സിനിമയുടെ വളർച്ചക്ക് ഉതകും വിധം എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ടെന്നും ദിലീപ് പറഞ്ഞു.  തിയേറ്ററുകാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു.

 

ദിലീപിനെ ജയിലിൽ സന്ദർശിച്ചത്  യാദൃശ്ചികമായിട്ടായിരുന്നു എന്ന് വിശദീകരണം നൽകിയ രഞ്ജിത്ത് ഇപ്പോൾ വേദി പങ്കിട്ടത് വേട്ടക്കാരനൊപ്പമാണെന്ന സന്ദേശം നൽകുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം തുടങ്ങിയിട്ടുണ്ട്. ദിലീപുമായി വേദി പങ്കിട്ടതിൽ എന്താണ് പ്രശ്നം എന്നായിരുന്നു പിന്നീട്, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. താൻ ദിലീപിനെ അദ്ദേഹത്തിന്റെ വീട്ടിലോ ഒരു റസ്റ്ററൊന്റിലോ ഒന്നും വച്ചല്ല കണ്ടത്. ഫിയോക്കിന്റെ പരിപാടിയിൽ ആണ്. ഇനി അങ്ങനെ അല്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം എന്നും ദിലീപ് തനിക്ക് വർഷങ്ങളായി അറിയുന്ന ആളാണെന്നും രഞ്ജിത്ത് പ്രതികരിച്ചു.

ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ ആക്രമിക്കപ്പെട്ട നടിയെ മുഖ്യാതിഥിയായി അപ്രതീക്ഷിതമായി അവതരിപ്പിച്ചതിന് പിന്നിൽ താനാണെന്ന് രഞ്ജിത്ത് അവകാശപ്പെട്ടിരുന്നു. നടിയെ സ്വാഗതം ചെയ്തുകൊണ്ട് രഞ്ജിത്ത് പറഞ്ഞ വാക്കുകളും ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു.

Trending News