പാറശ്ശാല ഗവ വി എച്ച് എസ് എസ്സിൽ ഹെൽത്തി കിഡ്സ് പദ്ധതിയുടെ സംസ്ഥാന തല ഉത്ഘടനവും, പ്രവർത്തന പുസ്തകങ്ങളുടെ പ്രകാശനവും, പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പരീക്ഷണടിസ്ഥാനത്തിൽ ഹെൽത്തി കിഡ്‌സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിച്ചിരുന്നുവെന്ന് മന്ത്രി അബ്ദുറഹ്മാൻ. ഈ സ്കൂളുകളിൽ ഈ പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ വിദ്യാഭാസ വകുപ്പ് തീരുമാനിച്ചത്.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തും കായികരംഗത്തും അതിപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നതെന്നും കാലത്തിനനുസൃതമായി കായികരംഗത്ത് പുതിയ തലമുറയെ കണ്ടെത്തുക എന്നത് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ എസ്. സി. ഇ. ആർ. ടി കഴിഞ്ഞകാലങ്ങളിൽ അപ്പർ പ്രൈമറി കുട്ടികൾക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലനം പദ്ധതിയാണ് ഹെൽത്തി കിഡ്സ്.
ഹെൽത്തി കിഡ്സ്" എന്ന ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടി പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് ആരംഭിച്ചിരിക്കുന്നത്. സ്വയം നിയന്ത്രിതമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ലഭിക്കുന്നു എന്നതിനേക്കാൾ സഹകരണത്തിൽ അധിഷ്ടമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരൻമാരായി വളരുവാനുള്ള ഊർജവും ഈ പദ്ധതി പ്രദാനം ചെയ്യുന്നു.
പൊതുവിദ്യാഭ്യാസവകുപ്പ് പ്രൈമറി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള കായിക വിദ്യാഭ്യാസ പിരീഡുകള്‍ ഉപയോഗിച്ച് നിലവിലെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് കായികവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ വിദഗ്ധ പരിശീലനം, ആവശ്യമായ കായിക ഉപകരണങ്ങൾ എന്നിവ നൽകിയാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്.
പ്രീപ്രൈമറി, ലോവര്‍ പ്രൈമറി സ്കൂളുകളിലെ എല്ലാ വിഭാഗം കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുവാനും, സ്പോർട്സ് മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കും. വിവിധ കാരണങ്ങളാൽ വൈജ്ഞാനിക – സഹവൈജ്ഞാനിക മേഖലയില്‍ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് സുഗമമായ പഠന സാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയും.
ഇതോടൊപ്പം പാറശാല ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമവും മന്ത്രി നിർവഹിച്ചു. 3.90 കോടി രൂപയുമാണ് ബജറ്റ്. ചടങ്ങിൽ സി കെ ഹരീന്ദ്രൻ എം എൽ എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...