തിരുവനന്തപുരം: സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് മേനകാ ഗാന്ധി രംഗത്തെത്തിയിരുന്നു.
പാലക്കാട് ജില്ലുയില്‍ നടന്ന സംഭവ൦ മേനകാ ഗാന്ധി മലപ്പുറം ജില്ലയിയില്‍ നടന്നതായി ചിത്രീകരിക്കുകയും ജില്ലയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍. സർക്കാർ ഇതുവരെ ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചില്ലെന്നു൦ മേനക ഗാന്ധി ട്വീറ്റിലൂടെ ആരോപിച്ചിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.
മേനക ഗാന്ധിയുടെ ആരോപണം വിവാദമായപ്പോള്‍ ശക്തമായ വാദങ്ങളുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി.
കേരളത്തെ വിമര്‍ശിക്കും മുന്‍പ് മേനകാ ഗാന്ധി സ്വന്തം മണ്ഡലത്തിലെ ക്രിമിനല്‍ പശ്ചാത്തലമൊന്ന് പരിശോധിക്കൂ എന്നാണ് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്. സ്വന്തം മണ്ഡലത്തിലെ ക്രൈം റെക്കോഡുകളിലേക്ക് തിരിഞ്ഞു നോക്കണമെന്നും ഗോശാലയായി മാറിയ ഉത്തര്‍ പ്രദേശില്‍ ഇഞ്ചിഞ്ചായി ചാകുന്ന പശുക്കളെ കാണാതെ പോകരുതെന്നു൦ വിമര്‍ശനം ഉയര്‍ന്നു.
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (NBC) 2018ലെ കണക്കുകള്‍ പ്രകാരം മേനകാ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ മാത്രം 55 കൊലപാതകങ്ങള്‍, ആറ് മനപ്പൂര്‍വമല്ലാത്ത നരഹത്യകള്‍, 22 സ്ത്രീധന മരണങ്ങള്‍, 206 വാഹനാപകടങ്ങള്‍, 65 കുട്ടികളെ ഉള്‍പ്പെടെ292 തട്ടിക്കൊണ്ടു പോകലുകള്‍ എന്നിവ നടന്നിട്ടുണ്ട്.
Also read: ആനയുടെ കൊലയിലും വര്‍ഗ്ഗീയത? ചോദ്യമുയര്‍ത്തി മേനക ഗാന്ധിയുടെ മലപ്പുറം പരാമര്‍ശം
അതേസമയം, അവര്‍ വിമര്‍ശിക്കുന്ന കേരളത്തിലെ ജില്ലയില്‍ 18 കൊലപാതകം, ഏഴ് മനപ്പൂര്‍വമല്ലാത്ത നരഹത്യ, രണ്ട് സ്ത്രീധന മരണങ്ങള്‍, എട്ട് ഇടിപ്പിച്ച ശേഷം വാഹനവുമായി മുങ്ങിയത് എന്നിങ്ങനെയാണ് കേസുകള്‍. സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയുടെ ക്രൈം നിരക്ക് പോലും നോക്കാതെ ഒരു പ്രത്യേക ജില്ലയെ അക്രമത്തിന്‍റെ കേന്ദ്രമാക്കി കാണിക്കാനുള്ള മുന്‍ കേന്ദ്രമന്ത്രിയുടെ വ്യഗ്രത ഗൂഢലക്ഷ്യത്തോടെയാണെന്നാണ് സോഷ്യല്‍മീഡിയ നടത്തുന്ന വിമര്‍ശനം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ജില്ലയാണ് മലപ്പുറമെന്ന മേനക ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ ഭാഗമായാണെങ്കില്‍ അവരത് തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ ബോധപൂര്‍വം പറഞ്ഞതാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, മേനക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയും സമര്‍പ്പിച്ചിരിയ്ക്കുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി. മലപ്പുറം ജില്ലക്കെതിരെ വ്യാജ വാര്‍ത്തയും ഒപ്പം വംശീയത പ്രചരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണമാണ് പരാതിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കൊണ്ടും മതസ്പര്‍ദ്ധ വളര്‍ത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും ചെയ്ത മേനക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായിക്കണ്ട് അവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്‍റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത് മലപ്പുറമാണ്.... ജില്ല മാറി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒപ്പം മലപ്പുറം ജില്ലയെപ്പറ്റി പ്രത്യേകമായി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതിക്ഷേധമറിയിച്ച് നാനാ തുറകളില്‍പ്പെട്ടവര്‍ രംഗത്തെത്തിയിരുന്നു. സംഭവം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അതേസമയം, കാട്ടുപന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.