മലപ്പുറം: സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തിൽ മേനക ഗാന്ധി നടത്തിയ ട്വീറ്റ് വിവാദമാവുന്നു.
സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്‍റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത് മലപ്പുറമാണ്.... ജില്ല മാറി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍. സർക്കാർ ഇതുവരെ ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു മേനക ഗാന്ധിയുടെ ട്വീറ്റ് ...
കൂടാതെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തുകാർ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതൽ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെയും അക്രമം നടക്കുന്ന നാടാണ് മലപ്പുറം, എതിരാളികളുടെ കൈ വെട്ടുന്ന നാട്, എന്നാല്‍, സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല, സര്‍ക്കാരിന് അവരെ ഭയമാണ് എന്നു൦ മേനക ഗാന്ധി ചൂണ്ടിക്കാട്ടി.
പാലക്കാട് ആന ചരിഞ്ഞതില്‍ മലപ്പുറത്തിനെതിരെ ആരോപണവുമായി മേനകാ ഗാന്ധി എത്തിയതോടെ സംഭവത്തിന് വര്‍ഗ്ഗീയ പരിവേഷം നല്‍കുകയാണ് എന്ന ആരോപണം ഉയര്‍ന്നു. ആനയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയെ ഈ വിഷയത്തിലേയ്ക്ക് മനപ്പൂര്‍വ്വം എടുത്തിട്ടതാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ആനയുടെ കൊലപാതകത്തിലും വര്‍ഗ്ഗീയത കണ്ടെത്താന്‍ നേതാക്കള്‍ ശ്രമിക്കുകയാണ് എന്നും ആരോപണമുയരുന്നുണ്ട്.
ആന ചരിഞ്ഞ സംഭവം കൊലപാതകമാണെന്നും മലപ്പുറം രാജ്യത്തെ ഏറ്റവും അക്രമങ്ങള്‍ നിറഞ്ഞ ജില്ലയാണെന്നും മേനക ഗാന്ധി നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്. ആന ചരിഞ്ഞ സംഭവം മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന് നേര്‍ക്കുളള വിദ്വേഷ പ്രചരണത്തിന് മേനക ഗാന്ധി ഉപയോഗിച്ചിരിക്കുകയാണ് എന്നും വിമര്‍ശനങ്ങള്‍ പുറത്തു വരുന്നുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതിക്ഷേധമറിയിച്ച് നാനാ തുറകളില്‍പ്പെട്ടവര്‍ രംഗത്തെത്തിയിരുന്നു. സംഭവം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അതേസമയം, കാട്ടുപന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പാലക്കാട് സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് വായില്‍ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികാളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി ദിവസങ്ങളോളം നിൽക്കുകയായിരുന്നു ആന. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്
മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഈ കൊടുംക്രൂരത ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി.