പോത്തൻകോട്: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നതിൽ ആശങ്ക. രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ബാക്കി അഞ്ച് പേരെ കുറിച്ച് ആർക്കും ഒരറിവും ഇല്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറ് സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്. ആറ് കേന്ദ്രങ്ങളിലായി 210 അതിഥി തൊഴിലാളികൾ താമസിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷവും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതായും കണ്ടെത്തിയതിനെ തുടർന്ന് ആറ് കെട്ടിട ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തി. പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. ഗർഭിണിയായ യുവതിയും ഭർത്താവുമാണ് മരിച്ചത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് കാറിന് തീപിടിച്ചത്. കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. പ്രജിത്ത് ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം മുൻസീറ്റിലാണ് റീഷ ഇരുന്നിരുന്നത്. മറ്റ് നാല് പേർ പുറകിലെ സീറ്റിലുമായിരുന്നു ഉണ്ടായിരുന്നത്. പുറകിൽ കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ല.
മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴി പിൻസീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടു. എന്നാൽ മുൻ വശത്തെ ഡോർ ജാമായതിനാൽ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും യുവതിയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല.